Oddly News

ഇറാനിൽ പ്രതികാരത്തിന്റെ ചെങ്കൊടി ഉയർന്നു; ഖമനേയിയുടെ വധത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്!

ഇസ്രയേലിന്റേയും അമേരിക്കയുടേയും സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ, കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇതിന്റെ പ്രതീകമായി ഖ്വാമിലെ ജംകരാൻ പള്ളിയുടെ മിനാരത്തിൽ ഇറാൻ ചുവന്ന കൊടി ഉയർത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച പുറത്തുവന്ന ഇതിന്റെ വീഡിയോ പള്ളിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് പ്രത്യക്ഷപ്പെട്ടത്. അമേരിക്കൻ-സയണിസ്റ്റ് കുറ്റവാളികളോട് പ്രതികാരം ചെയ്യുമെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഷിയാ പാരമ്പര്യം അനുസരിച്ച് ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്നതിന്റെ മതപരവും സൈനികവുമായ പ്രതീകമാണ് ഈ ചെങ്കൊടി. പരമോന്നത നേതാവിന്റെ രക്തത്തിന് പകരം വീട്ടാൻ ശക്തമായ സൈനിക നീക്കത്തിന് ഇറാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്.

നേരത്തേയും സമാനമായ സാഹചര്യങ്ങളിൽ ജംകരാൻ പള്ളിയിൽ പ്രതികാരത്തിന്റെ പതാക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേൽ ആക്രമണം നടത്തിയപ്പോഴും, 2024 ജൂലൈയിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ടെഹ്‌റാനിൽ കൊല്ലപ്പെട്ടപ്പോഴും, അതേവർഷം ഏപ്രിലിലെ സംഘർഷ വേളയിലും ഇറാൻ ചുവന്ന പതാക ഉയർത്തിയിരുന്നു.

2020 ജനുവരിയിൽ ജനറൽ ഖാസിം സൊലൈമാനിയെ അമേരിക്ക വധിച്ചപ്പോഴാണ് ചരിത്രത്തിലാദ്യമായി ഇത്തരത്തിൽ പ്രതികാരത്തിന്റെ പതാക ഉയർന്നത്. ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ദുഃഖാചരണമായി മുഹറം മാസത്തിൽ ചുവന്ന പതാക ഉയർത്തുന്ന പതിവ് ഇറാനിലുണ്ടെങ്കിലും, യുദ്ധസമാന സാഹചര്യങ്ങളിൽ ഇത് പ്രതികാരത്തിന്റെ വിളംബരമായാണ് കണക്കാക്കപ്പെടുന്നത്. ‘ഹുസൈനു വേണ്ടി പ്രതികാരം ചെയ്യുന്നവരേ’ എന്ന് അർഥം വരുന്ന ‘യാ ലാ തരത് അൽ ഹുസൈൻ’ എന്ന വാചകം ആലേഖനം ചെയ്ത പതാകയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

ഇറാന്റെ അടുത്ത നീക്കം

പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യത്തെ നയിക്കാൻ മൂന്നംഗ നേതൃസമിതിയിലേക്ക് 66 കാരനായ ഒരു പുരോഹിതനെ ഇറാൻ തിരഞ്ഞെടുത്തു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് അലിറെസ അറാഫിയെ താൽക്കാലിക നേതൃസമിതിയുടെ ജൂറിസ്റ്റ് അംഗമായി നിയമിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗാർഡിയൻ കൗൺസിൽ അംഗമായ അറാഫി, പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്‌സെനി എജെ എന്നിവർക്കൊപ്പമാണ് സമിതിയിൽ ചേരുന്നത്. അസംബ്ലി ഓഫ് എക്സ്പെർട്സ് പുതിയൊരു പിൻഗാമിയെ കണ്ടെത്തുന്നത് വരെ ഈ സമിതിയായിരിക്കും പരമോന്നത നേതാവിന്റെ ചുമതലകൾ നിർവഹിക്കുക.