ചേർത്തല: പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഒടുവിൽ ലേലത്തിൽ വിറ്റു. ഈ വാഹനങ്ങൾ ഇനി നിരത്തിലിറക്കി പുനരുപയോഗിക്കാൻ സാധിക്കില്ലെന്നും, ആക്രി വിലയ്ക്കാണ് കൈമാറ്റം ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.
ബോളിവുഡ് താരം കരീന കപൂർ ഉപയോഗിച്ചിരുന്ന പോർഷെ കാർ ഉൾപ്പെടെ ആറ് കാറുകളും ഒരു കാരവനുമാണ് ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും ലേല നടപടികൾക്ക് ശേഷം നീക്കിയത്. കഴിഞ്ഞ ഒരു വർഷമായി സർക്കാർ തലത്തിൽ നടന്നുവന്ന ടെൻഡർ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. ആലപ്പുഴ വലിയമരം മട്ടുപ്പാവിലിള്ള എന്റർപ്രൈസസിന് വേണ്ടി ഷാനു ഭൂട്ടോയാണ് ഈ ആഡംബര വാഹനങ്ങൾ ലേലത്തിൽ സ്വന്തമാക്കിയത്.
മാവേലിക്കര സ്വദേശിയായ ഒരു വ്യവസായി നൽകിയ പരാതിയെ തുടർന്നാണ് 2020 ഓഗസ്റ്റിൽ മോൻസന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് ഇയാളുടെ വൻ തട്ടിപ്പുകൾ പുറത്തുവന്നതും അറസ്റ്റിലേക്ക് നയിച്ചതും. സിനിമാ താരങ്ങളും പ്രമുഖരും ഉപയോഗിച്ച് കൈമാറിയ ആഡംബര കാറുകൾ പല കൈകൾ മറിഞ്ഞ് വിലയ്ക്ക് വാങ്ങുന്നതായിരുന്നു മോൻസന്റെ രീതി. ഇങ്ങനെ വാങ്ങുന്ന കാറുകൾ മറ്റു സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകിയാണ് ഇയാൾ ബിസിനസ്സ് നടത്തിയിരുന്നത്.




