Oddly News

പയ്യൻ ‘വെർജിൻ’ ആകണം, മാസവരുമാനം രണ്ട് ലക്ഷം, ഉയരം ആറടി : വ്യത്യസ്തമായ വിവാഹ നിബന്ധനയുമായി യുവതി

വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്‍ ‘വെര്‍ജിന്‍’ ആയിരിക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടാൽ സമൂഹം അതിനെ വിചിത്രമായി കാണും. എന്നാൽ ഇതേ ആവശ്യം ഒരു പുരുഷനാണ് മുന്നോട്ടുവെക്കുന്നതെങ്കിൽ അതിനെ വളരെ സ്വാഭാവികമായിട്ടാണ് സമൂഹം നോക്കിക്കാണുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് വേദിക എന്ന യുവതി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായി മാറിയത്. താൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് യുവതി പങ്കുവെച്ച നിബന്ധനകളുടെ പട്ടികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വിവാഹജീവിതത്തിലെ പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകളെച്ചൊല്ലി വലിയ സംവാദങ്ങൾക്കാണ് ഈ പോസ്റ്റ് വഴിവെച്ചത്. തനിക്ക് വരാൻ പോകുന്ന ഭർത്താവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളായി യുവതി കുറിച്ചത് ഇങ്ങനെയാണ്: “‘കന്യക’നായിരിക്കണം, പ്രതിമാസം രണ്ടുലക്ഷം രൂപ വരുമാനമുണ്ടാകണം, ആറടി ഉയരം വേണം, നന്നായി പാചകം അറിയണം, സ്ത്രീവിരുദ്ധനാകരുത്, സ്ത്രീ സുഹൃത്തുക്കൾ ഉണ്ടാകരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്, എവിടെയെങ്കിലും പോകണമെങ്കിൽ അനുവാദം ചോദിക്കണം, 24 മണിക്കൂറും ലൈവ് ലൊക്കേഷൻ പങ്കുവെക്കണം, എന്നെ വിദേശയാത്രകൾക്ക് കൊണ്ടുപോകണം.” ഇങ്ങനെയുള്ള ഒരു പുരുഷനെ എവിടെനിന്ന് കിട്ടും എന്ന ചോദ്യത്തോടെയാണ് യുവതി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

ഈ പോസ്റ്റ് നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. യുവതിയുടെ ആവശ്യങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ഒരു ഉപയോക്താവ് രംഗത്തെത്തി. “ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് നിങ്ങളുടെ സ്വന്തം യോഗ്യതയും മൂല്യവും എന്താണെന്ന് വ്യക്തമാക്കൂ. നിങ്ങളെപ്പോലൊരു സ്ത്രീയെ ആരെങ്കിലും പങ്കാളിയാക്കാൻ ആഗ്രഹിക്കുമോ? ഭാര്യ എന്ന സ്ഥാനത്തിന്റെ മറവിൽ പങ്കാളിയെ ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്ന മനസ്സിനെയാണ് ഈ കുറിപ്പ് തുറന്നുകാട്ടുന്നത്,” എന്ന് കുറിച്ചയാൾ പുരുഷന്മാരോട് ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടു.

മറ്റൊരു ഉപയോക്താവ് അതിരൂക്ഷമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്: “നിങ്ങൾക്ക് യഥാർത്ഥത്തിൽ വേണ്ടത് ഒരു ഭർത്താവിനെയല്ല; മറിച്ച് ആറടി ഉയരമുള്ള, കന്യകനായ ഒരു എടിഎം മെഷീനെയും പേഴ്സണൽ ഷെഫിനെയുമാണ്. നിങ്ങളുടെ വിദേശയാത്രകൾ സ്പോൺസർ ചെയ്യുന്ന, സ്വന്തമായി സാമൂഹിക ജീവിതമില്ലാത്ത, എപ്പോഴും ജിപിഎസ് വഴി നിരീക്ഷിക്കാൻ സാധിക്കുന്ന ഒരു അടിമയെയാണ് നിങ്ങൾ തിരയുന്നത്. ആത്മാഭിമാനമുള്ള ഒരു പുരുഷനും വിവാഹമെന്ന പേരിൽ ഇത്തരം അടിമപ്പണിക്ക് നിൽക്കില്ല. വിവാഹം എന്നത് തുല്യ പങ്കാളിത്തമാണ്, എന്നാൽ നിങ്ങളുടെ ഈ നിബന്ധനകൾ ഒരു തടവുകാരനെ നിയന്ത്രിക്കാനുള്ള നിയമപുസ്തകം പോലെയാണ് തോന്നുന്നത്.”

ഈ കുറിപ്പിനെ വിമർശിച്ചവർ ഒരുവശത്തുള്ളപ്പോൾ, ഇതിനെ കേവലം തമാശയായി കണ്ട് തള്ളിക്കളഞ്ഞവരും കുറവല്ല. “ഇത്രയും വലിയ നിബന്ധനകളുടെ പട്ടിക കാണുമ്പോൾ നിങ്ങൾ തിരയുന്നത് ഒരു മനുഷ്യനെയല്ല, ഓർഡർ ചെയ്ത് നിർമിച്ചെടുക്കാവുന്ന ഒരു റോബോട്ടിനെയാണെന്ന് തോന്നുന്നു,” എന്നായിരുന്നു ഒരാളുടെ പരിഹാസം. മറ്റൊരാൾ പറഞ്ഞത്, “നമ്മൾ മറ്റുള്ളവർക്ക് എന്ത് നൽകുന്നുവോ അത് മാത്രമേ നമുക്കും തിരിച്ചു ലഭിക്കൂ, അതുകൊണ്ട് ആദ്യം സ്വന്തം യോഗ്യത പരിശോധിക്കൂ” എന്നാണ്. ലോകകോടീശ്വരൻ ഇലോൺ മസ്കിനെ ടാഗ് ചെയ്തുകൊണ്ട് മറ്റൊരാൾ പരിഹസിച്ചത് ഇങ്ങനെയാണ്: “ഇലോൺ മസ്ക്, ഇവർ തിരയുന്നത് ഒരു അന്യഗ്രഹജീവിയെയാണ്. ചൊവ്വാഗ്രഹത്തിൽ എവിടെയെങ്കിലും ഇങ്ങനെയൊന്നിനെ കണ്ടാൽ ദയവായി ഇവർക്ക് എത്തിച്ചു കൊടുക്കൂ.”

അതേസമയം, ഈ വിഷയത്തിലെ ഇരട്ടത്താപ്പിനെയും ലിംഗവിവേചനത്തെയും ചോദ്യം ചെയ്തവരും ഉണ്ട്. ഈ പ്രതികരണങ്ങളിലെ കാപട്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരാൾ എഴുതി: “ഈ കുറിപ്പിന് താഴെ പുരുഷന്മാർ ഇടുന്ന കമന്റുകൾ നോക്കിയാൽ സമൂഹത്തിലെ കാപട്യം വ്യക്തമാകും. ഇതിന് വിപരീതമായി ഒരു പുരുഷനാണ് ഇതേ നിബന്ധനകൾ സ്ത്രീക്ക് മുന്നിൽ വെച്ചിരുന്നതെങ്കിൽ, ഇതേ പുരുഷന്മാരെല്ലാം അതിനെ അനുകൂലിച്ച് കൈയടിക്കുമായിരുന്നു.” ഏതായാലും ഈ പെൺകുട്ടിയുടെ ആവശ്യങ്ങൾ സൈബർ ഇടങ്ങളിൽ വലിയൊരു ചർച്ചയ്ക്ക് തന്നെയാണ് തിരികൊളുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *