Crime

കൂട്ടുകാരി ചതിച്ചു ; മറിച്ച് നല്‍കിയത് 70 പവന്‍; അഞ്ജു ജീവനൊടുക്കിയതിന് പിന്നില്‍…

വെണ്ണിയൂര്‍ സ്വദേശിനിയായ 28 വയസുകാരി അഞ്ജുവിന്റെ മരണത്തിന് പിന്നിൽ കൂട്ടുകാരിയുടെ വഞ്ചനയെന്ന് സൂചന. വെങ്ങാനൂരിലെ സൂര്യ ഫിനാന്‍സ് ജീവനക്കാരികളുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിക്കുന്നത്. സ്ഥാപന ഉടമയെ ജീവനക്കാരികൾ പറ്റിച്ചപ്പോൾ, ആ ജീവനക്കാരികളെ വിശ്വസ്തയായ കൂട്ടുകാരി ചതിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മുപ്പതാം തീയതിയാണ് ഫിനാന്‍സ് സ്ഥാപനത്തിലെ രണ്ട് ജീവനക്കാരികൾ ഷാർജ ഷെയ്ക്കിൽ എലിവിഷം കലർത്തി കഴിച്ചത്. ഇതിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിഴിഞ്ഞം ശാഖയിലെ ജീവനക്കാരി അഞ്ജു ഇന്നലെ മരണപ്പെടുകയായിരുന്നു. ഒപ്പം വിഷം കഴിച്ച വെങ്ങാനൂർ അമരിവിള ശാഖയിലെ മുപ്പത്തിരണ്ടുകാരി ഇപ്പോഴും മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ഇരുവരുടെയും സുഹൃത്തായ സിന്ധു എന്ന സ്ത്രീക്കാണ് ഇവർ സ്ഥാപനത്തിൽ നിന്ന് എഴുപത് പവന ഓളം സ്വർണം എടുത്തു നൽകിയത്. സ്വർണം പുറത്തു പണയം വെക്കാൻ സഹായിക്കുന്നതിലൂടെ ഈ ജീവനക്കാർക്ക് കമ്മീഷൻ ലഭിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാൽ പറഞ്ഞ സമയത്ത് സിന്ധു സ്വർണം തിരികെ നൽകിയില്ല. ഒടുവിൽ യഥാർത്ഥ ഉടമകൾ സ്വർണം തിരിച്ചെടുക്കാൻ എത്തിയതോടെ ഭയന്നുപോയ യുവതികൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സിന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *