പ്രായം കൂടുമ്പോൾ മനുഷ്യന്റെ ചലനങ്ങള്‍ പൊതുവെ സാവധാനത്തിലാകും എന്നാണ് കരുതപ്പെടുന്നത്, എന്നാൽ വ്യായാമങ്ങളില്‍ സജീവമായിരിക്കുന്നത് ഒരു ജീവിതചര്യയാണെന്ന് തെളിയിക്കുകയാണ് ഈ തൊണ്ണൂറുകാരൻ. ഫിസിയോതെറാപ്പിസ്റ്റായ ആകാശ് സിങ് പങ്കുവെച്ച ഒരു വീഡിയോയിൽ, ഈ വയോധികൻ ജിമ്മിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ വ്യായാമം ചെയ്യുന്നത് കാണാം. ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങൾ ചെറുപ്പക്കാർക്ക് മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണയെ അദ്ദേഹം തിരുത്തുന്നു.
ശരീരം വലിയ തോതിൽ ചലിപ്പിച്ചുള്ള വ്യായാമങ്ങൾ, ബാറിന്റെ സഹായത്തോടെയുള്ള സിറ്റ്-അപ്പുകൾ, ഡംബെല്ലുകൾ ഉയർത്തൽ, റോവിങ് എന്നിവയാണ് ഈ വയോധികൻ വീഡിയോയിൽ ചെയ്യുന്നത്. “ജിം ചെറുപ്പക്കാരായ ബോഡിബിൽഡർമാർക്ക് മാത്രമുള്ളതാണെന്നത് ഫിറ്റ്നസ് രംഗത്തെ ഏറ്റവും വലിയ മിഥ്യാധാരണകളിൽ ഒന്നാണ്. ഈ 90 വയസ്സുകാരൻ ഇപ്പോഴും ജിമ്മിലെത്തുകയും, വ്യായാമം ചെയ്യുകയും, കൂടുതൽ കരുത്തനാകുകയും ചെയ്യുന്നു,” എന്ന് ഇതിനൊപ്പം കുറിച്ചിരിക്കുന്നു.
ഫിസിയോതെറാപ്പിസ്റ്റിന്റെ അഭിപ്രായത്തിൽ, സിക്സ് പാക്ക് ഉണ്ടാക്കാനോ ബോഡിബിൽഡിങ്ങിനോ ഭംഗി കൂട്ടാനോ മാത്രമല്ല ജിമ്മിൽ പോകുന്നത്. മറിച്ച്, കരുത്തോടെയും മറ്റുള്ളവരെ ആശ്രയിക്കാതെയും ജീവിക്കാനും, ശരീരത്തിന്റെ സന്തുലിതാവസ്ഥ, ചലനശേഷി, വഴക്കം എന്നിവ മെച്ചപ്പെടുത്താനുമാണ്. പതിവായ വ്യായാമം ശരീരത്തിൽ പേശികളും ശക്തമായ അസ്ഥികളും ഉണ്ടാക്കാൻ സഹായിക്കുന്നു. കൂടാതെ വേദന കുറയ്ക്കുകയും, ആരോഗ്യകരവും മികച്ചതുമായ ദീർഘായുസ്സ് സമ്മാനിക്കുകയും ചെയ്യുന്നു.
പ്രായമാകുമ്പോൾ വ്യായാമം നിർത്തരുത്, പകരം ചലിക്കുന്നത് നിർത്തുമ്പോഴാണ് നിങ്ങൾ കൂടുതൽ ബലഹീനരാകുന്നത്. നിങ്ങൾക്ക് 18 വയസ്സായാലും 89 വയസ്സായാലും, വ്യായാമവും കരുത്ത് കൂട്ടുന്ന പരിശീലനങ്ങളും എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രായമായ കാലത്ത് വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. ഒന്നാമതായി, ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഓർമ്മശക്തി കൂട്ടുകയും മറവിരോഗത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തിന് സന്തോഷം നൽകുന്ന എൻഡോർഫിനുകൾ പുറപ്പെടുവിക്കുന്നതിലൂടെ ഉത്കണ്ഠയും വിഷാദവും കുറയ്ക്കാനും മികച്ച ഉറക്കം നൽകാനും ഇത് സഹായിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രണ്ടാമതായി, ഇത് ശരീരത്തിന്റെ പ്രധാന പേശികളെ ശക്തിപ്പെടുത്തുകയും നടത്തത്തിലും മറ്റും സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഭാരം ഉയർത്തിയുള്ള വ്യായാമങ്ങൾ അസ്ഥികൾ പൊടിയുന്നത് തടയുകയും, അതുവഴി അസ്ഥിരോഗങ്ങളും ഇടുപ്പെല്ല് പൊട്ടാനുള്ള സാധ്യതകളും ഗണ്യമായി കുറയ്ക്കുകയും ചെയ്യും. മൂന്നാമതായി, പതിവായ ശാരീരിക അധ്വാനം രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും തടയാനും ഇത് ഫലപ്രദമാണ്.
ജിമ്മിൽ പോകുന്നത് നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ, വേഗതയിലുള്ള നടത്തം പോലുള്ള മിതമായ വ്യായാമങ്ങൾ ചെയ്താലും സമാനമായ ഗുണങ്ങൾ ലഭിക്കും. കോണിപ്പടികൾ കയറുക, ചെയർ യോഗ, തായ് ചി തുടങ്ങിയ ലളിതമായ വ്യായാമങ്ങളും പ്രായമായവർക്ക് ചെയ്യാവുന്നതാണ്.




