Crime

മാട്രിമോണി സൈറ്റുകള്‍വഴി വലവീശും, ‘ജീവിത പങ്കാളിയാക്കാം’, തട്ടിയത് 50 ലക്ഷംവരെ, യുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ യുവതി

മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പരിചയപ്പെടുന്ന യുവാക്കൾക്ക് വിവാഹവാഗ്ദാനവും ബിസിനസ് പങ്കാളിത്തവും നൽകി കോടികൾ തട്ടിയ യുവതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശിനിയായ ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെയുള്ള കാലയളവിലാണ് ഇവർ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ പേ വഴിയുമായിരുന്നു പണം വാങ്ങിയിരുന്നത്. എന്നാൽ പണം കൈപ്പറ്റിയ ശേഷം പറഞ്ഞതുപോലെ ബിസിനസ് പങ്കാളിയാക്കുകയോ തുക തിരികെ നൽകുകയോ ചെയ്തില്ല. വഞ്ചിക്കപ്പെട്ട യുവാവ് നൽകിയ പരാതിയെ തുടർന്ന് ഓടക്കാടിയിലെ വീട്ടിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി യുവാക്കളിൽ നിന്നും ഇവർ സമാനമായ രീതിയിൽ പണം തട്ടിയതായി വിവരമുണ്ട്.

സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ആദ്യം ചെറിയ തുകകൾ കടം ചോദിക്കുന്നതാണ് ഇവരുടെ രീതി. പിന്നീട് വിവാഹം കഴിക്കാമെന്നും ബിസിനസിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്യും.

ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡർ വാങ്ങിനൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപയും, ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഇവർ ഉപയോഗിച്ചിരുന്നത്. വിവാഹിതയായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *