Featured Spotlight

‘സെക്രട്ടറിയെ തള്ളിപ്പറഞ്ഞാൽ അവന്റെ അഡ്രസ് കാണില്ല’; ഗണേഷ് കുമാറിന് സുകുമാരൻ നായരുടെ മറുപടി

ചങ്ങനാശ്ശേരി: കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് മാറ്റിയെന്ന വാർത്തകളോട് പ്രതികരിച്ച് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. കാലാവധി കഴിഞ്ഞതിനാലാണ് ഗണേഷ് കുമാറിനെ ബോർഡിൽ നിന്ന് ഒഴിവാക്കിയതെന്നും തികച്ചും ജനാധിപത്യപരമായ തീരുമാനമാണ് ഇതെന്നും സുകുമാരൻ നായർ പറഞ്ഞു. തനിക്ക് പിന്തുണയുണ്ടെന്ന് ഗണേഷ് കുമാർ അവകാശപ്പെട്ട 12 പേർ നിലവിലെ കമ്മിറ്റിയിലുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനറൽ സെക്രട്ടറിയെ ഗണേഷ് കുമാർ തള്ളിക്കളഞ്ഞോ എന്ന ചോദ്യത്തിന്, ആർക്കും ജനറൽ സെക്രട്ടറിയെ അങ്ങനെയൊന്നും തള്ളിക്കളയാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘അതൊക്കെ അവരുടെ ഒരു വേലയാണ്, അതാണ് അവരുടെ തൊഴിൽ. ജനറൽ സെക്രട്ടറിയെ ആർക്കും തള്ളിപ്പറയാൻ പറ്റില്ല, അങ്ങനെ ചെയ്താൽ അവന്റെ അഡ്രസ് കാണില്ല. ഞങ്ങളുടെ തീരുമാനം ജനാധിപത്യപരമാണോ എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. വർഷങ്ങളായി ഡയറക്ടർ ബോർഡിൽ വരാൻ കാത്തിരിക്കുന്ന മറ്റുള്ളവർക്ക് അവസരം നൽകേണ്ടേ? പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ആളുകളെ മാറ്റുന്നത്. ഇതിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കാം,’ സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

നേരത്തെ പത്തനാപുരം താലൂക്ക് യൂണിയനിൽ നിന്ന് ഗണേഷ് കുമാർ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വവും നഷ്ടമായിരിക്കുന്നത്. ഡയറക്ടർ ബോർഡിലെ ഒൻപത് അംഗങ്ങളുടെ കാലാവധിയാണ് അവസാനിച്ചിരുന്നത്. ഇതിൽ ഗണേഷ് കുമാർ ഒഴികെയുള്ള എട്ടുപേരുടെയും അംഗത്വം പുതുക്കി നൽകി. ഗണേഷിന് പകരക്കാരനായി ബി.ആർ.കെ ബാബുവിനെയാണ് പുതിയതായി ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുത്തത്.

കമ്മിറ്റിയിലെ 12 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഗണേഷ് കുമാർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ എപ്പോഴും ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന ആളാണെന്നും പത്തനാപുരം എൻഎസ്എസ് യൂണിയനിൽ നടന്ന കാര്യങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവിടുത്തെ അഭിപ്രായവ്യത്യാസങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എൻഎസ്എസുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ ജനറൽ സെക്രട്ടറിക്ക് പൂർണ്ണ അധികാരമുണ്ടെന്നും ഗണേഷ് പറഞ്ഞിരുന്നു. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഗണേഷ് കുമാറിനെതിരെ ഉയർന്നിരുന്നത്.

താലൂക്ക് യൂണിയന് കീഴിലുള്ള പത്മ കഫെയുടെ നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പകുതിയിലധികം അംഗങ്ങൾ രാജിവെക്കുകയും യൂണിയൻ പിരിച്ചുവിടുകയും ചെയ്തിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഗണേഷ് കുമാറിന് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, ഈ അടുത്ത കാലത്തായി എൻഎസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാർ പരസ്യമായ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *