യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം ശ്രീ പദ്ധതി അറബിക്കടലിൽ തള്ളുമെന്ന് മുൻപ് പറഞ്ഞ നിലപാടിൽ നിന്ന് മന്ത്രി കെ.എം. ഷാജി പിന്മാറി. പഴയ കാര്യങ്ങൾ ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്നും ഒരു മാസം കൊണ്ട് പെട്ടെന്ന് എടുക്കാൻ കഴിയുന്ന തീരുമാനമല്ല ഇതെന്നും ഷാജി വ്യക്തമാക്കി. അതേസമയം, ആവശ്യമായ ചില നിബന്ധനകളോടെ പദ്ധതി നടപ്പാക്കാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി കെ. മുരളീധരനും അറിയിച്ചു.
പ്രതിപക്ഷത്തിരുന്ന സമയത്ത് അണികളെ ആവേശത്തിലാക്കാനാണ് കരാർ അറബിക്കടലിൽ എറിയുമെന്ന് ഷാജി പ്രസംഗിച്ചിരുന്നത്. എന്നാൽ ഭരണപക്ഷത്ത് എത്തി മന്ത്രിയായതോടെ അന്നത്തെ നിലപാടല്ല ഇപ്പോഴുള്ളതെന്നും തന്റെ വാക്കുകൾ മാത്രം അടർത്തിയെടുത്ത് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപത്തെ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ച കരാർ പാലിക്കാൻ യു.ഡി.എഫ് സർക്കാരിന് ബാധ്യതയുണ്ടെന്നും അതുകൊണ്ട് ചില ഉപാധികളോടെ ഇത് നടപ്പാക്കുമെന്നുമാണ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയത്.
എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ട പി.എം ശ്രീ കരാർ ഉണ്ടാക്കിയ കുരുക്ക് യു.ഡി.എഫിന് അത്ര പെട്ടെന്ന് അഴിച്ചുകളയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘എൽ.ഡി.എഫ് സർക്കാരിന് ഭരണം തുടരാൻ സാധിച്ചില്ലെങ്കിലും പി.എം ശ്രീ പദ്ധതി തുടരും’ എന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ഇത് മുൻപ് എൽ.ഡി.എഫ് ഉയർത്തിയ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പോലെയായി മാറിയിരിക്കുകയാണ്.
അതേസമയം, കഴിഞ്ഞ പിണറായി സർക്കാർ 2023 മുതൽ തന്നെ പി.എം.ശ്രീ പദ്ധതിയെക്കുറിച്ച് ഗൗരവമായി ആലോചിച്ചു തുടങ്ങിയിരുന്നു. പദ്ധതി നടപ്പാക്കാൻ കേരളം സന്നദ്ധമാണെന്നും ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും 2024-ൽ വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തെ അഖിലേന്ത്യാ തലത്തിൽ പാർട്ടി എതിർക്കുമ്പോഴും, കേരളത്തിൽ പി.എം.ശ്രീ പദ്ധതി യാതൊരു നിബന്ധനകളും ഇല്ലാതെ അംഗീകരിക്കാനാണ് പിണറായി സർക്കാർ തയ്യാറായത്. 2023-ൽ തന്നെ ഇതിനുള്ള ഫയൽ നീക്കങ്ങൾ വിദ്യാഭ്യാസ വകുപ്പിൽ വേഗത്തിലായി. തുടർന്ന് 2024 മാർച്ചിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. പദ്ധതി നടപ്പാക്കാൻ സംസ്ഥാനം ഒരുക്കമാണെന്നും ഇതിനായി തന്റെ നേതൃത്വത്തിൽ സമിതി ഉണ്ടാക്കിയെന്നും 2024-25 അധ്യയന വർഷത്തിൽ തന്നെ കേരളത്തിൽ പി.എം ശ്രീ സ്കൂളുകൾ തുടങ്ങാമെന്നും ഈ കത്തിൽ പറയുന്നുണ്ട്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച ആകെ തുകയുടെ 37.5 ശതമാനം ഫണ്ട് ഉടൻ അനുവദിക്കണമെന്നും ഈ കത്തിലൂടെ പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന പാഠ്യപദ്ധതിയെയോ ദേശീയ വിദ്യാഭ്യാസ നയത്തെയോ കുറിച്ച് യാതൊരു വിയോജിപ്പും കത്തിൽ പ്രകടിപ്പിച്ചിരുന്നില്ല. കേരളം ഒരു നിബന്ധനയും മുന്നോട്ട് വെക്കാതിരുന്നതിനെ തുടർന്ന്, 2025 ഒക്ടോബർ 16-ന് കേന്ദ്രവുമായി സംസ്ഥാന സർക്കാർ കരാറിൽ ഒപ്പുവെച്ചു. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ പൂർണ്ണമായി നടപ്പാക്കുമെന്നാണ് ഈ കരാറിൽ വ്യക്തമാക്കുന്നത്.




