Featured Oddly News

69 ലക്ഷം ശമ്പളം, 38-ാം വയസ്സിൽ വരനെ കിട്ടാനില്ല; ‘പെണ്ണുകാണൽ ചന്തയിൽ’ പൊട്ടിക്കരഞ്ഞ് യുവതി- വീഡിയോ

വിവാഹവും അതിനുള്ള പ്രായവും സമൂഹത്തിന്റെ സംസ്കാരവുമായി ഏറെ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. പണ്ടുകാലത്ത് ശൈശവവിവാഹങ്ങൾ സാധാരണമായിരുന്നെങ്കിൽ, പിന്നീട് നിയമപരമായി വിവാഹപ്രായം ഉയർത്തുകയുണ്ടായി. മികച്ച വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയ്ക്ക് മുൻഗണന നൽകാൻ തുടങ്ങിയതോടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം വീണ്ടും വർധിച്ചു. പലരും സ്വന്തം കരിയർ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പിൽക്കാലത്ത് വിവാഹം വൈകുന്നതിലേക്ക് നയിച്ച പ്രധാന ഘടകം.

വിവാഹപ്രായം ഇത്തരത്തിൽ നീണ്ടുപോകുന്നത് കാരണം വലിയ രീതിയിൽ പ്രതിസന്ധി നേരിടുന്ന ഒരു രാജ്യമാണ് ചൈന. അവിടെ ആളുകളുടെ ശരാശരി വിവാഹപ്രായം 25 മുതൽ 30 വയസ്സ് വരെയാണ്. എന്നാൽ 30 വയസ്സ് കഴിഞ്ഞവർക്ക് അവിടെ അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ളവർക്ക് പരസ്പരം കണ്ടുമുട്ടാനും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും ചൈനയിൽ ‘ബ്രൈഡ് മാർക്കറ്റുകൾ’ എന്ന പേരിൽ സാമൂഹിക കൂട്ടായ്മകൾ സംഘടിപ്പിക്കാറുണ്ട്. അത്തരമൊരു മാർക്കറ്റിൽ വെച്ച് സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന ഒരു ചൈനീസ് യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വർഷത്തിൽ 500,000 യുവാൻ (ഏകദേശം 69 ലക്ഷം രൂപ) വരുമാനമുള്ള 38 വയസ്സുകാരിയായ യുവതിയാണ് ഈ ദൃശ്യങ്ങളിലുള്ളത്. തനിക്ക് ചേർന്നൊരു വരനെ കണ്ടെത്താനാണ് യുവതി ബ്രൈഡ് മാർക്കറ്റിൽ എത്തിയത്. എന്നാൽ യുവതിക്ക് മുപ്പത് വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് അറിഞ്ഞതോടെ താല്പര്യപ്പെട്ട് വന്ന പുരുഷന്മാരെല്ലാം അവിടെനിന്ന് മടങ്ങിപ്പോയി. ഇതിൽ മനംനൊന്താണ് യുവതി മാർക്കറ്റിലിരുന്ന് ഉറക്കെ കരഞ്ഞത്. “എന്തുകൊണ്ടാണ് എന്നെ ആർക്കും വേണ്ടാത്തത്, എനിക്ക് അഞ്ച് ലക്ഷം യുവാൻ ശമ്പളമുണ്ടായിട്ടും ആരും എന്നെ തിരഞ്ഞെടുക്കുന്നില്ലല്ലോ” എന്ന് പറഞ്ഞായിരുന്നു യുവതിയുടെ വിതുമ്പൽ.

ചൈനയിൽ 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകളെ ‘ലെഫ്റ്റ് ഓവർ’ അഥവാ ‘മിച്ചം വന്നവർ’ എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ചൈനീസ് സംസ്കാരം ഇപ്പോഴും കുടുംബ ജീവിതത്തിനും വിവാഹത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം കരിയറിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീകളെപ്പോലും കുടുംബവും സമൂഹവും ഒറ്റപ്പെടുത്തുകയും വിവാഹം കഴിക്കാൻ നിരന്തരം നിർബന്ധിക്കുകയും ചെയ്യുന്നു.

അതേസമയം, ചൈനയിൽ പുരുഷന്മാർ വിവാഹം കഴിക്കാതെ തുടരുകയാണെങ്കിൽ അവരെ ‘ഗോൾഡൻ ബാച്ചിലർമാർ’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ഇതേ സാഹചര്യത്തിലുള്ള സ്ത്രീകൾ ‘മിച്ചം വന്നവർ’ എന്ന് വിളിക്കപ്പെടുന്നത് ചൈനയിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തിന്റെ വ്യക്തമായ തെളിവാണെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *