ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ അയൽക്കാരനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് പോലീസ് സ്റ്റേഷനിൽ വെച്ച് കുത്തിക്കൊന്നു. സത്യ കുമാർ ചൗഹാൻ എന്നയാളാണ് തന്റെ 19 വയസ്സുകാരിയായ മകൾ ശിവാനിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
കഴിഞ്ഞ മേയ് 18-നാണ് പെൺകുട്ടി അയൽവാസിയായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത ബദൗസ പോലീസ് ജൂൺ 12-ന് ഇവരെ കണ്ടെത്തുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഔദ്യോഗിക നടപടികളുടെ ഭാഗമായി മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാൽ തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാനാണ് താല്പര്യമെന്നും സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
വീട്ടുകാർ പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതിനിടെ ദേഷ്യം വന്ന പിതാവ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു. പോലീസുകാർ ഉടൻ തന്നെ ഇയാളെ പിടികൂടുകയും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മെഡിക്കൽ കോളേജിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.




