ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിച്ച് ലോകമെമ്പാടും വലിയ ആരാധകരെ സ്വന്തമാക്കിയ നിരവധി മൃഗങ്ങളുണ്ട്. അതിൽ പ്രധാനിയാണ് 2010-ലെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച ‘പോൾ’ എന്ന ഒക്ടോപസ്. അന്ന് സെമി ഫൈനൽ മത്സരത്തെക്കുറിച്ചുള്ള പ്രവചനം കൃത്യമായതോടെയാണ് പോൾ ലോകശ്രദ്ധ നേടിയത്. അതിനുശേഷമുള്ള ലോകകപ്പുകളിൽ എലി, ആമ, ഒട്ടകം, ചീട്ടെടുക്കുന്ന തത്ത, പ്രാവ് എന്നിവയെല്ലാം കായിക ലോകത്ത് വലിയ രീതിയിൽ ‘പ്രവചനസിംഹങ്ങളായി’ തിളങ്ങിയിരുന്നു.
എന്നാൽ ഇത്തവണത്തെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് ‘നിമ്പസ് പ്രോണോസ്’ എന്ന് പേരുള്ള ഒരു പൂച്ചയാണ്. മുൻപ് ആഫ്രിക്കൻ നേഷൻസ് കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് എന്നിവയിലെ ഇതേ പൂച്ചയുടെ പ്രവചനങ്ങൾ ഒന്നിനു പുറകെ ഒന്നായി കൃത്യമായി മാറിയതോടെ ഇൻസ്റ്റഗ്രാമിൽ മാത്രം അഞ്ചര ലക്ഷത്തോളം ആളുകളാണ് ഇപ്പോൾ നിമ്പസിനെ പിന്തുടരുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരിനോ പതാകയ്ക്കോ മുന്നിൽ വെക്കുന്ന ഭക്ഷണത്തിൽ നിന്ന് പൂച്ച ഏതാണ് തിരഞ്ഞെടുത്ത് കഴിക്കുന്നത് എന്ന് നോക്കിയാണ് ഇതിന്റെ പ്രവചനം നിശ്ചയിക്കുന്നത്. മത്സരം സമനിലയിലാകുമെന്ന് പ്രവചിക്കാൻ പ്രത്യേകമായി ഒരു പാത്രവും മുന്നിൽ വെക്കാറുണ്ട്.
നിമ്പസ് എന്ന പൂച്ചയെ കൂടാതെ ഇത്തവണ മെക്സിക്കോയിലെ ഗുവഡാലാജാര മൃഗശാലയിലെ വിവിധ മൃഗങ്ങളും പ്രവചനങ്ങളുമായി രംഗത്തുണ്ട്. എന്നാൽ മൃഗങ്ങളെ മാത്രമല്ല, ടീമുകളുടെ നിലവിലെ ഫോം, കളിക്കാരുടെ പരിക്കുകൾ, മുൻകാല ചരിത്രങ്ങൾ എന്നിവ കൃത്യമായി വിശകലനം ചെയ്ത് വിവിധ എഐ (AI) ടൂളുകളും ഇത്തവണ പ്രവചനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട്. ഇവയ്‌ക്കെല്ലാമപ്പുറം കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും കൃത്യമായ ചാമ്പ്യന്മാരെ മുൻകൂട്ടി പ്രവചിച്ച ജർമ്മൻ ഗണിതശാസ്ത്രജ്ഞൻ ജോക്കിം ക്ലെമന്റിന്റെ പ്രവചനവും ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇത്തവണ നെതർലൻഡ്‌സ് തങ്ങളുടെ ആദ്യ വിശ്വകിരീടം ചൂടുമെന്നാണ് ക്ലെമന്റ് തന്റെ കണക്കുകളിലൂടെ പ്രവചിക്കുന്നത്.




