പാലക്കാട്: ജിംനേഷ്യത്തിന്റെ പ്രവർത്തനങ്ങളെ മത നിയമങ്ങളുമായി കൂട്ടിക്കലർത്തിയതിനെച്ചൊല്ലി പാലക്കാട്ട് ഉണ്ടായ ‘ഇസ്‌ലാം ഫ്രണ്ട്‌ലി ജിം’ പുതിയ വിവാദത്തിലേയ്ക്ക് നീങ്ങുന്നു. സോഷ്യൽ മീഡിയയിൽ ഈ പ്രമോഷൻ വീഡിയോ പങ്കുവെച്ച വ്യക്തിക്ക് ജിമ്മിൽ യാതൊരുവിധ ഉടമസ്ഥാവകാശവുമില്ലെന്ന വെളിപ്പെടുത്തലുമായി യഥാർത്ഥ ഉടമ രംഗത്തെത്തിയതോടെയാണ് ഈ സംഭവം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയത്.
വിവാദം ശക്തമായ സാഹചര്യത്തിൽ ജിമ്മിന്റെ യഥാർത്ഥ നടത്തിപ്പുകാരനായ അഹമ്മദ് സേട്ടു വിശദീകരണവുമായി മുന്നോട്ടുവന്നു. ‘എഎസ്ബി ഫിറ്റ്നസ് സെന്റർ’ എന്ന പേരിൽ കഴിഞ്ഞ 15 വർഷമായി ഈ ജിം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുകയായിരുന്ന ജിം പുതുക്കിപ്പണിയാൻ, മുൻപ് ഇവിടെ ട്രെയിനിയായിരുന്ന നവാസ് മുത്തു സാമ്പത്തിക സഹായം നൽകുക മാത്രമാണ് ചെയ്തതെന്നും, ഇയാൾക്ക് ജിമ്മിൽ മറ്റ് പാർട്ണർഷിപ്പോ ഉടമസ്ഥാവകാശമോ ഇല്ലെന്നും അഹമ്മദ് സേട്ടു പറഞ്ഞു.
കൂടുതൽ ആളുകളെ ജിമ്മിലേക്ക് ആകർഷിക്കാൻ വേണ്ടി നവാസ് സ്വന്തം നിലയ്ക്ക് പ്രയോഗിച്ച ഒരു ‘മാർക്കറ്റിംഗ് തന്ത്രം’ മാത്രമായിരുന്നു ഇതെന്നും, സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സമയക്രമമുള്ള ജിമ്മുകൾ കേരളത്തിൽ പലയിടത്തുമുണ്ടെന്നിരിക്കെ ഇതിനെ എന്തിനാണ് വിവാദമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നവാസ് മുത്തു എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഈ വിവാദങ്ങൾക്കെല്ലാം തുടക്കമിട്ടത്. “ഇസ്‌ലാമിക നിയമങ്ങൾ പാലിച്ചുകൊണ്ട്” പ്രവർത്തിക്കുന്ന ഒരു ജിം തുടങ്ങുന്നു എന്നായിരുന്നു വീഡിയോയിലെ പ്രചാരണം.
ഈ ജിമ്മിൽ പാട്ടുകൾ വയ്ക്കില്ല, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സമയമായിരിക്കും, സ്ത്രീകൾക്ക് വനിതാ ട്രെയിനർമാർ മാത്രമായിരിക്കും, ശരീരഭാഗങ്ങൾ പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണം, ജിമ്മിനുള്ളിൽ അനാവശ്യ സംഭാഷണങ്ങൾ അനുവദിക്കില്ല തുടങ്ങിയ നിബന്ധനകളാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് ആളുകളെ ആകർഷിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് നവാസ് മുത്തുവിന്റെ വിശദീകരണം. എന്നാൽ തന്റെ വാക്കുകളെ ചില ഗ്രൂപ്പുകൾ ബോധപൂർവ്വം വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നു എന്നും ഇയാൾ പറഞ്ഞു.
ഇതിനിടെ, മതാടിസ്ഥാനത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് കാണിച്ച് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ ജിം നിലവിൽ പ്രവർത്തിച്ചു തുടങ്ങാത്തതിനാൽ മറ്റ് നിയമലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.




