Spotlight

വീണയ്ക്കെതിരേ നിര്‍ണായക നീക്കം – സിഎംആർഎല്ലുമായുള്ള കരാര്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) . എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ അപേക്ഷ നൽകി. പ്രതിപക്ഷ നേതാവ്  പിണറായി വിജയന്റെ മകൾ വീണ വിജയനും സിഎംആർഎല്ലും തമ്മിൽ 2016-ൽ ഒപ്പുവെച്ച കരാർ ഉൾപ്പെടെയുള്ള 134 പ്രധാന രേഖകളാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടും എസ്എഫ്ഐഒ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് ഇ.ഡി ഈ കേസിൽ അന്വേഷണം നടത്തുന്നത്. എസ്എഫ്ഐഒയുടെ അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ഇ.ഡിക്ക് ലഭിച്ചെങ്കിലും, അതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്പനികാര്യ കേസുകൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതിയെ ഇ.ഡി സമീപിച്ചത്. ആകെ 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 രേഖകളാണ് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

വീണയും സിഎംആർഎല്ലും തമ്മിലുള്ള 2016-ലെ കരാർ, എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള 2017-ലെ കരാർ, എക്സാലോജിക്കിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവയാണ് ഇതിൽ പ്രധാനം. കൂടാതെ വീണയുടെ ആദായനികുതി റിട്ടേൺ വിവരങ്ങളും ആവശ്യപ്പെട്ട കൂട്ടത്തിലുണ്ട്. നിലവിൽ വീണയുടെ സ്വദേശത്തെയും വിദേശത്തെയും ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി പരിശോധിച്ചുവരികയാണ്. മേയ് 27-ന് നടന്ന റെയ്ഡിൽ പിടിച്ചെടുത്ത വീണയുടെ മൊബൈൽ ഫോണും ഇ.ഡി വിശദമായി പരിശോധിക്കുന്നുണ്ട്. വീണയെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ഇ.ഡി വേഗത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *