ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് കേസുകളിൽ അന്വേഷണം നേരിടുന്നതിനിടെ 2010 മേയിൽ ഇന്ത്യ വിടുകയും നിലവിൽ ലണ്ടനിൽ താമസമാക്കുകയും ചെയ്ത ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദി, ഇന്ത്യൻ ക്രിക്കറ്റ് ഭരണരംഗത്തുനിന്ന് താൻ നാടകീയമായി പുറത്തുപോകാനുണ്ടായ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഐപിഎല്ലിന്റെ ആദ്യ വർഷങ്ങളിൽ ഒത്തുകളി നടത്താൻ താൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘം തന്നെ ലക്ഷ്യമിട്ടിരുന്നതായി അദ്ദേഹം ആരോപിച്ചു. ദാവൂദിന്റെ നിർദ്ദേശപ്രകാരം നടന്ന മൂന്ന് വധശ്രമങ്ങളിൽ നിന്നാണ് താൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നും കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കോടിക്കണക്കിന് ഡോളർ അവർ തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും ലളിത് മോദി തുറന്നുപറഞ്ഞു.
തന്റെ നേതൃത്വത്തിൽ നടന്ന ഐപിഎല്ലിന്റെ ആദ്യ മൂന്ന് സീസണുകൾ ഒത്തുകളിയിൽ നിന്ന് പൂർണ്ണമായും മുക്തമായിരുന്നുവെന്നും ഈ കർശന നിലപാട് കാരണം ശക്തരായ വാതുവെപ്പ് മാഫിയകളുമായും അധോലോക ശക്തികളുമായും കൊമ്പുകോർക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. 2009-ൽ പൊതുതെരഞ്ഞെടുപ്പ് പ്രമാണിച്ച് സുരക്ഷാ പ്രശ്നങ്ങൾ ഉയർന്നപ്പോൾ ഐപിഎൽ വിജയകരമായി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയതോടെ ശത്രുത കൂടുതൽ കടുത്തു. ടൂർണമെന്റ് നടക്കില്ലെന്ന അനുമാനത്തിൽ വാതുവെപ്പ് സംഘങ്ങൾ വലിയ തുക ബെറ്റ് വെച്ചിരുന്നതായും എന്നാൽ ടൂർണമെന്റ് വിജയകരമായി നടന്നതോടെ പണം നഷ്ടപ്പെട്ടവർ തനിക്കെതിരെ തിരിയുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ടൂർണമെന്റ് പരാജയപ്പെടുമെന്ന് കരുതി വൻ തുക പന്തയം വെച്ച മാഫിയ സംഘങ്ങൾ ആ നഷ്ടം തന്റെ അടുത്തുനിന്ന് ഈടാക്കാൻ ശ്രമിച്ചതായും ലളിത് മോദി വ്യക്തമാക്കി. ഒടുവിൽ ദാവൂദ് സംഘത്തിലെ പ്രമുഖനായ ഛോട്ടാ ഷക്കീൽ ഒരു തത്സമയ അഭിമുഖത്തിലൂടെ ലളിത് മോദിയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഈ നീണ്ട പോരാട്ടം അവസാനിച്ചത്. താൻ ക്രിക്കറ്റ് ഭരണരംഗത്തുനിന്ന് പൂർണ്ണമായും പിന്മാറിക്കൊള്ളാമെന്ന് വ്യക്തിപരമായ ഉറപ്പ് നൽകിയതോടെയാണ് ആ തർക്കങ്ങൾ അവസാനിച്ചതെന്നും തന്റെ ജീവൻ രക്ഷപ്പെട്ടതെന്നും ലളിത് മോദി വെളിപ്പെടുത്തി.
ഈ ഭീഷണികളെക്കുറിച്ച് അന്വേഷണ ഏജൻസികൾക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു. മുംബൈ പോലീസ് ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും തുടർന്ന് അദ്ദേഹത്തിന് ‘സെഡ് കാറ്റഗറി’ സുരക്ഷ അനുവദിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ തന്റെ വീടിന് പുറത്ത് വെടിവയ്പ്പ് ഉണ്ടായതായും ദക്ഷിണാഫ്രിക്കയിലും മോണ്ടിനെഗ്രോയിലും വെച്ച് തന്നെ വധിക്കാൻ നടന്ന ഗൂഢാലോചനകൾ അധികൃതർ കണ്ടെത്തിയതായും മോദി ആരോപിച്ചു. തന്റെ മകനെ ലണ്ടനിൽ വെച്ച് തട്ടിക്കൊണ്ടുപോയിരുന്നുവെന്നും ഇതിനെക്കുറിച്ച് താൻ ഇതുവരെ പൊതുവേദിയിൽ സംസാരിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു.
പണ്ടുകാലത്ത് ഓരോ കളിക്കും 2 ബില്യൺ ഡോളറിന്റെ അധോലോക വാതുവെപ്പ് നടന്നിരുന്ന സ്ഥാനത്ത് ഇന്ന് അത് 4 ബില്യൺ ഡോളറായി (സട്ടാ ബസാർ) വർദ്ധിച്ചിട്ടുണ്ടെന്നും ഇപ്പോൾ ആരും മുഴുവൻ കളിയും ഫിക്സ് ചെയ്യാറില്ലെന്നും മറിച്ച് ചില ഓവറുകളോ പന്തുകളോ മാത്രമാണ് ഫിക്സ് ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
സ്പോട്ട് ഫിക്സിങ്ങിന്റെ രീതികൾ ഇപ്പോൾ വളരെ സങ്കീർണ്ണമാണെന്നും പരസ്യമായിട്ടല്ല ഇത് ചെയ്യുന്നതെന്നും അതിനാൽ കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. കളിക്കളത്തിൽ വെച്ച് തുവാല ഉപയോഗിക്കുന്നതോ പ്രത്യേക രീതിയിലുള്ള ആംഗ്യങ്ങൾ കാണിക്കുന്നതോ ഒക്കെ ഇതിനുള്ള കോഡ് ഭാഷകളാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഇത്തരം കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൽ നിന്നും അയാളുടെ സംഘത്തിൽ നിന്നും ഉണ്ടായ തുടർച്ചയായ വധഭീഷണികളാണ് ക്രിക്കറ്റ് ഭരണരംഗം എന്നെന്നേക്കുമായി ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ലളിത് മോദി ഉറപ്പിച്ചു പറഞ്ഞു.




