Featured Sports

അടിയോടടി; 23 ഇന്നിങ്സിനു ശേഷം ക്യാപ്റ്റന് ഒരു ഫിഫ്റ്റി; കിവികളെ തല്ലി പറപ്പിച്ച് ഇഷാനും സൂര്യയും ദുബെയും, ഇന്ത്യയ്ക്ക് 7വിക്കറ്റ് ജയം

റായ്‌പുര്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ ആറ്‌ വിക്കറ്റിന്‌ 208 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 28 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.

നായകന്‍ സൂര്യകുമാര്‍ യാദവ്‌ (37 പന്തില്‍ നാല്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം പുറത്താകാതെ 82), ശിവം ദുബെ (18 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 36) എന്നിവര്‍ ചേര്‍ന്നാണ്‌ വിജയ റണ്ണെടുത്തത്‌. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനു മുന്നിലായി.

ഇന്ത്യക്ക്‌ ഓപ്പണര്‍മാരായ സഞ്‌ജു സാംസണിനെയും (അഞ്ച്‌ പന്തില്‍ ഒരു സിക്‌സറടക്കം ആറ്‌) അഭിഷേക്‌ ശര്‍മയെയും (0) നഷ്‌ടപ്പെട്ടത്‌ ആശങ്കയായി. കിട്ടിയ അവസരം മുതലാക്കിയ ഇഷാന്‍ കിഷനും (32 പന്തില്‍ നാല്‌ സിക്‌സറും 11 ഫോറുമടക്കം 76) ഏറെ നാളുകള്‍ക്കു ശേഷം ഫോമിലേക്കു മടങ്ങിയ സൂര്യകുമാറും ചേര്‍ന്നാണ്‌ ടീമിനെ തിരിച്ചു കൊണ്ടുവന്നത്‌. സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ്‌ ഇഷാന്‍ മടങ്ങിയത്‌. ന്യൂസിലന്‍ഡ്‌ ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം പ്രഹരിച്ച ഇഷാന്‍ 21 പന്തിലായിരുന്നു അര്‍ധ സെഞ്ചുറിയടിച്ചത്‌. 23 പന്തുകളിലാണു സൂര്യകുമാര്‍ 50 കടന്നത്‌. 468 ദിവസങ്ങൾക്കും 23 ഇന്നിങ്‌സുകള്‍ക്കും ശേഷമായിരുന്നു ഇന്ത്യന്‍ നായകന്‍ ഒരു അര്‍ധ സെഞ്ചുറിയടിക്കുന്നത്‌.

ടോസ്‌ നേടിയ സൂര്യകുമാര്‍ ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. പ്ലേയിങ്‌ ഇലവനില്‍ രണ്ടു മാറ്റവുമായാണ്‌ ഇന്ത്യയിറങ്ങിയത്‌. കൈവിരലിനു പരുക്കേറ്റ അക്ഷര്‍ പട്ടേലും പേസര്‍ ജസ്‌പ്രീത്‌ ബുംറയും പുറത്തിരുന്നു. സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവും പേസര്‍ ഹര്‍ഷിത്‌ റാണയും പകരം കളിച്ചു. ന്യൂസിലന്‍ഡ്‌ ടീമില്‍ ടിം റോബിന്‍സന്‍, കെയ്‌ല്‍ ജാമിസന്‍, ക്രിസ്‌റ്റ്യന്‍ക്ലാര്‍ക്ക്‌ എന്നിവര്‍ക്കു പകരം ടിം സീഫെര്‍ട്ട്‌, സാകാറി ഫോക്‌സ്, മാറ്റ്‌ ഹെന്റി എന്നിവര്‍ കളിച്ചു. ഇടയ്‌ക്കു പരുങ്ങിയെങ്കിലും ന്യൂസിലന്‍ഡിന്‌ മികച്ച സ്‌കോറിലെത്താനായി. 27 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 47 റണ്ണുമായി പുറത്താകാതെനിന്ന നായകന്‍ മിച്ചല്‍ സാന്റ്‌നറാണ്‌ സ്‌കോര്‍ 200 കടത്തിയത്‌.

രാചിന്‍ രവീന്ദ്ര 26 പന്തില്‍ നാല്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 44 റണ്ണെടുത്തു. ഇന്ത്യക്കായി കുല്‍ദീപ്‌ യാദവ്‌ രണ്ടു വിക്കറ്റ്‌ വീഴ്‌ത്തി. ആദ്യ പത്ത്‌ ഓവറില്‍ മൂന്നിന്‌ 111 എന്ന നിലയിലായിരുന്ന കിവീസിനെ മധ്യഓവറുകളില്‍ പിടിച്ചുകെട്ടി. അര്‍ഷ്‌ദീപ്‌ സിങ്‌ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ടു സിക്‌സറും രണ്ടു ഫോറുമടക്കം 18 റണ്ണാണ്‌ ഡെവണ്‍ കോണ്‍വേ (9 പന്തില്‍ 19) അടിച്ചുകൂട്ടിയത്‌. മറ്റൊരു ഓപ്പണര്‍ ടിം സീഫെര്‍ട്ടും (13 പന്തില്‍ 24) അടി തുടര്‍ന്നു. ആദ്യ മൂന്ന്‌ ഓവറില്‍ തന്നെ സ്‌കോര്‍ 43 ലെത്തി. നാലാം ഓവറില്‍ കോണ്‍വെയെ പുറത്താക്കി ഹര്‍ഷിത്‌ റാണയാണ്‌ കൂട്ടുകെട്ട്‌ പൊളിച്ചത്‌. അടുത്ത ഓവറില്‍ സീഫെര്‍ട്ടിനെ വരുണ്‍ ചക്രവര്‍ത്തിയും വീഴ്‌ത്തി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രചിന്‍ രവീന്ദ്രയും ഗ്ലെന്‍ ഫിലിപ്‌സും (13 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 19) റണ്‍റേറ്റ്‌ താഴാതെ ഇന്നിങ്‌സ് കൊണ്ടുപോയി. ഇരുവരും ചേര്‍ന്ന്‌ 55 റണ്‍ കൂട്ടിച്ചേര്‍ത്തു. ഫിലിപ്‌സിനെ വീഴ്‌ത്തി കുല്‍ദീപ്‌ യാദവാണ്‌ കൂട്ടുകെട്ട്‌ പൊളിച്ചത്‌. ഡാരില്‍ മിച്ചലും (11 പന്തില്‍ 18) കളംനിറഞ്ഞു. മിച്ചലിനെ ശിവം ദുബെ പുറത്താക്കി. രചിന്‍ രവീന്ദ്രയെ കുല്‍ദീപും പുറത്താക്കി.

അവസാന ഓവറുകളില്‍ സാന്റ്‌നര്‍ ആഞ്ഞടിച്ചു. ആറാം വിക്കറ്റില്‍ മാര്‍ക്‌ ചാപ്‌മാനെയും (13 പന്തില്‍ 10) ഏഴാം വിക്കറ്റില്‍ സാകാറി ഫോക്‌സിനെയും (എട്ട്‌ പന്തില്‍ പുറത്താകാതെ 15) കൂട്ടുപിടിച്ച്‌ സാന്റ്‌നര്‍ തകര്‍ത്തടിച്ചതോടെ 200 കടന്നു. അവസാന മൂന്ന്‌ ഓവറുകളില്‍ 47 റണ്ണാണ്‌ ഇന്ത്യ വഴങ്ങിയത്‌. നാല്‌ ഓവറില്‍ 53 റണ്‍ വിട്ടുകൊടുത്ത അര്‍ഷ്‌ദീപ്‌ സിങ്ങാണ്‌ കൂടുതല്‍ ധാരാളിയായത്‌. അര്‍ഷ്‌ദീപിന്‌ വിക്കറ്റെടുക്കാനുമായില്ല.