രാജകുമാരി∙ സ്വയംതൊഴിൽ ചെയ്യുന്നതിനായി ബാങ്കിൽ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടർന്ന് സങ്കടം പറഞ്ഞ വീട്ടമ്മയ്ക്ക് സ്വന്തം ചെലവിൽ ഓട്ടോറിക്ഷ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബൈസൺവാലി മുട്ടുകാട് സ്വദേശിനിയായ അമ്പാട്ട് ഗംഗ ഋഷികേശിനാണ് കേന്ദ്രമന്ത്രിയുടെ ഈ കാരുണ്യ സമ്മാനം ലഭിച്ചത്.
കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളായി ഏലത്തോട്ടങ്ങളിൽ കഠിനമായ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം നോക്കുന്നത്. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ 13 വർഷമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഗംഗയുടെ ചുമലിലാവുകയും ജീവിതം കൂടുതൽ ദുരിതത്തിലാവുകയും ചെയ്തു.
സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് ഗംഗ 7 വർഷം മുൻപ് ഒരു ദേശസാൽകൃത ബാങ്കിൽ മുദ്ര ലോണിനായി അപേക്ഷ നൽകിയത്. എന്നാൽ അങ്ങനെയൊരു പദ്ധതി നിലവിലില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ അന്ന് ഇവരെ മടക്കുകയായിരുന്നു.
2025 സെപ്റ്റംബർ 30ന് മൂലമറ്റത്ത് നടന്ന ഒരു സൗഹൃദ കൂട്ടായ്മയിൽ പങ്കെടുത്തപ്പോഴാണ് ഗംഗയ്ക്ക് സുരേഷ് ഗോപിയോട് നേരിട്ട് സംസാരിക്കാൻ അവസരം ലഭിച്ചത്. ഇതിനായി സ്വന്തം നാട്ടിൽ നിന്നും ഏകദേശം 130 കിലോമീറ്ററോളം സ്കൂട്ടർ ഓടിച്ചാണ് ഗംഗ മൂലമറ്റത്ത് എത്തിയത്.
കുടുംബവിശേഷങ്ങൾ ചോദിച്ചറിഞ്ഞ കേന്ദ്രമന്ത്രിയോട് തനിക്ക് മുദ്ര ലോൺ നിഷേധിക്കപ്പെട്ട കാര്യം ഗംഗ സങ്കടത്തോടെ വിവരിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ സുരേഷ് ഗോപി, ലോണിന് പിന്നാലെ നടക്കേണ്ടതില്ലെന്നും പകരം താൻ ഒരു ഓട്ടോറിക്ഷ വാങ്ങി നൽകാമെന്നും ഗംഗയ്ക്ക് ഉറപ്പുനൽകി. പറഞ്ഞ വാക്ക് പാലിച്ച്, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിഎ ഗംഗയെ ഫോണിൽ വിളിച്ച് കമ്പനിയിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നും അടിമാലിയിലെ ഷോറൂമിൽ എത്തി ഓട്ടോറിക്ഷ കൈപ്പറ്റാമെന്നും അറിയിക്കുകയായിരുന്നു.
വരും ദിവസങ്ങളിൽ തന്നെ ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങാൻ കഴിയുമെന്ന സന്തോഷത്തിലാണ് ഈ വീട്ടമ്മ. ലൈഫ് പദ്ധതി വഴി ലഭിച്ച വീടിന്റെ പണി പൂർത്തിയായി വരുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ സമ്മാനമായി ഓട്ടോറിക്ഷ ഗംഗയുടെ മുറ്റത്തെത്തിയത്. തുടർന്ന് വീഡിയോ കോളിലൂടെ അവർ സുരേഷ് ഗോപിയെ വിളിച്ച് വലിയ നന്ദിയും കൃതജ്ഞതയും അറിയിച്ചു.




