Featured Oddly News

വഴിയരികില്‍ തകരാറിലായിക്കിടന്നിരുന്ന കാര്‍ ഉടമ അറിയാതെ ആക്രിവിലയ്ക്ക് വിറ്റു!

മലപ്പുറം: റോഡരികില്‍ കേടായിക്കിടന്നിരുന്ന കാര്‍ ഉടമസ്ഥൻ അറിയാതെ ആക്രിക്കച്ചവടക്കാര്‍ക്കു വിറ്റ് ഇരുപത്തിയൊന്നുകാരൻ പണം തട്ടി. എന്നാല്‍ കാര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോകാന്‍ തുടങ്ങുന്നതിനിടെ അവിചാരിതമായി ഉടമ സ്ഥലത്തെത്തിയതോടെ വലിയ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്.

വട്ടക്കുളം സ്വദേശിയായ പരീച്ചി സിദ്ദീഖിന്റെ കാര്‍ കേടായതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി വീടിനു മുന്നിലെ റോഡരികില്‍ തന്നെയാണ് ഇട്ടിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഒരു സംഘം ആളുകൾ ലോറിയും ജെ.സി.ബി.യുമായെത്തി ഈ കാര്‍ ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുന്നത് സിദ്ദീഖിന്റെ ഭാര്യ കണ്ടു. കാര്യം തിരക്കിയപ്പോള്‍, തങ്ങള്‍ പട്ടാമ്പിയിലെ ആക്രിക്കടക്കാരാണെന്നും ഈ കാറിന് പഴയ സാധനങ്ങളുടെ വില നല്‍കി കച്ചവടം ഉറപ്പിച്ചതാണെന്നും അവര്‍ പറഞ്ഞു. ഇതിനിടെ സിദ്ദീഖും സ്ഥലത്തെത്തി വാഹനം തങ്ങളുടേതാണെന്നും ആര്‍ക്കും വില്‍പന നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയതോടെ നാട്ടുകാരും തടിച്ചുകൂടി. ഒടുവില്‍ ചങ്ങരംകുളം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് ആക്രിക്കച്ചവടക്കാരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. പടിഞ്ഞാറങ്ങാടി സ്വദേശിയായ ഒരു യുവാവ് റോഡരികില്‍ കിടക്കുന്ന വാഹനം തന്റേതാണെന്നും വില്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും കച്ചവടക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ നേരിട്ടെത്തി വാഹനം കാണിച്ചുകൊടുക്കുകയും കച്ചവടം ഉറപ്പിച്ച് പണം കൈപ്പറ്റുകയും ചെയ്തതായി കച്ചവടക്കാര്‍ പോലീസിനോട് പറഞ്ഞു.

ഇതേതുടര്‍ന്ന് പോലീസ് പടിഞ്ഞാറങ്ങാടിയിലെത്തി ആ യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടന്ന ചര്‍ച്ചയില്‍ ആക്രിക്കാരില്‍ നിന്ന് വാങ്ങിയ തുക തിരികെ നല്‍കാമെന്നും കാര്‍ ലോറിയില്‍ കയറ്റിയപ്പോള്‍ സംഭവിച്ച കേടുപാടുകള്‍ തീര്‍ത്തു നല്‍കാമെന്നും യുവാവ് സമ്മതിച്ചതോടെ പരാതിയില്ലാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി അവസാനിപ്പിച്ചു.