Crime

മരിച്ചത് മൃഗീയപീഡനങ്ങളേറ്റ്; സംശയത്തിന്റെ ആനുകൂല്യം, തമിഴ് ബാലിക പൊള്ളലേറ്റു മരിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നു വീട്ടുവേലയ്ക്കായി എത്തിച്ച ഏഴു വയസുകാരി പൊളളലേറ്റു മരിച്ച കേസില്‍ ദമ്പതികളുള്‍പ്പെടെ മൂന്നു പ്രതികളെയും മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ആലുവ അശോകപുരം അനന്താശ്രമം വീട്ടില്‍ സിന്ധു നായര്‍ (52), ഭര്‍ത്താവും ഹൈക്കോടതി അഭിഭാഷകനുമായ ജോസ് കുര്യന്‍ (51), കുട്ടിയെ ജോലിക്കായി എത്തിച്ച ഏജന്റ് കടലൂര്‍ സ്വദേശി നാഗപ്പന്‍ (61) എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി ജഡ്ജി മഹേഷ് ജി. വിട്ടയച്ചത്.

കേസിലുണ്ടായിരുന്ന മറ്റൊരു ഏജന്റ് ചേരാനല്ലൂര്‍ സ്വദേശി ഷൈല നാസറിനെ (50) കുറ്റക്കാരിയല്ലെന്നു കണ്ട് സെഷന്‍സ് കോടതി നേരത്തെ തന്നെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. അശോകപുരത്തെ ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിച്ച ധനലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായി മരണപ്പെട്ടത്. കുട്ടി കടുത്ത ശാരീരിക പീഡനത്തിനിരയായി പൊള്ളലേറ്റു മരിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

2011 ഫെബ്രുവരി 24 നായിരുന്നു ഈ ദാരുണ സംഭവം നടന്നത്. ശരീരമാകെ മുറിവും ചതവും ഗുരുതരമായി പൊള്ളലുമേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നതിനു രണ്ടുദിവസം മുന്‍പ് മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

കേസിലെ മൂന്നാം പ്രതിയായ നാഗപ്പന്റെ ഭാര്യാസഹോദരിയുടെ മകളാണ് മരണപ്പെട്ട ധനലക്ഷ്മി. ഏജന്റ് ഷൈല മുഖേനയാണ് കുട്ടിയെ സിന്ധു നായരുടെ വീട്ടിലെത്തിച്ചതെന്നും നന്നായി സംരക്ഷിക്കാമെന്ന പ്രതികളുടെ വാക്കു വിശ്വസിച്ച് പണം വാങ്ങിയാണ് മാതാപിതാക്കള്‍ കുട്ടിയെ വിട്ടുനല്‍കിയതെന്നും കേസന്വേഷിച്ച പോലീസ് സംഘം വ്യക്തമാക്കിയിരുന്നു. അക്കാലത്ത് കേരളത്തിൽ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ കേസ് അന്വേഷിച്ചത് അന്നത്തെ ആലുവ ഇന്‍സ്‌പെക്ടറായിരുന്ന കെ.ബി. പ്രഫുല്ലചന്ദ്രനാണ്. ഇദ്ദേഹം ഒരുവര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *