ഭുവനേശ്വര്‍: ഒഡീഷയില്‍ ഓട്ടോ ഡ്രൈവര്‍ മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ചു കൊലപ്പെടുത്തി. മയൂര്‍ഭഞ്ച് ജില്ലയില്‍ ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം. രക്‌തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുമായി ഇയാള്‍ രാത്രി ചെലവഴിച്ചു.
ബൈസിംഗ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ധോനാപാല്‍ ഗ്രാമത്തിലെ ഹിമാന്‍ഷു (55)ആണ് ക്രൂരമായി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. വൃദ്ധ ദമ്പതികളായ ഹദിബന്ധു സാഹു (81) ശാന്തി സാഹു (72) എന്നിവരുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്‌തു. പ്രതിയായ മകന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
പോലീസ് സ്‌ഥലത്തെത്തി ഹിമാന്‍ഷുവിനെ അറസ്‌റ്റ് ചെയ്‌തു. തുടര്‍ന്ന് രണ്ട് മൃതദേഹങ്ങളും പോസ്‌റ്റ്മോര്‍ട്ടത്തിനായി അടുത്തുള്ള ബാരിപാഡയിലെ പി.ആര്‍.എം. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുറ്റകൃത്യം നടത്താന്‍ ഇയാള്‍ ഉപയോഗിച്ചത് കരിങ്കല്ല് പൊട്ടിക്കാനായി ഉപയോഗിക്കുന്ന ചുറ്റികയാണെന്ന് പോലീസ് പറഞ്ഞു. പ്രതി കുടുംബ തര്‍ക്കങ്ങള്‍ കാരണം ഭാര്യയും കുട്ടികളും വളരെക്കാലമായി വേര്‍പിരിഞ്ഞാണു താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് പറഞ്ഞു.




