Crime

യുവതി ചോരവാര്‍ന്ന്‌ മരിച്ചനിലയില്‍; ഭര്‍ത്താവ്‌ ഒളിവില്‍ , തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയതെന്നു സംശയം

ഉപ്പുതറ : യുവതിയെ വീടിനുള്ളില്‍ ചോരവാര്‍ന്ന്‌ മരിച്ചനിലയില്‍ കണ്ടെത്തി. മത്തായിപ്പാറ, എം.സി. കവല മലയക്കാവില്‍ സുബിന്റെ ഭാര്യ രജനി(38)യാണ്‌ മരിച്ചത്‌. ഭര്‍ത്താവ്‌ സുബിന്‍ (രതീഷ്‌- 43) ഒളിവിലാണ്‌. പോലീസ്‌ തെരച്ചിലാരംഭിച്ചു.

ഇന്നലെ വൈകിട്ടാണ്‌ കട്ടിലില്‍ കമഴ്‌ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന്‌ സംശയിക്കുന്നു. മത്തായിപ്പാറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുബിനും ഭാര്യ രജനിയും തമ്മില്‍ കലഹം പതിവായിരുന്നു. ഇതുസംബന്ധിച്ച്‌ പലതവണ പോലീസ്‌ കേസുമുണ്ടായി. ഒരുമാസം മുമ്പാണ്‌ ദമ്പതികള്‍ വീണ്ടും ഒരുമിച്ച്‌ താമസമാരംഭിച്ചത്‌.

ഇന്നലെ ഇളയമകന്‍ സ്‌കൂളില്‍നിന്ന്‌ വന്നപ്പോഴാണ്‌ രജനി അനക്കമറ്റ്‌ കിടക്കുന്നതു കണ്ടത്‌. മകന്‍ പഞ്ചായത്തംഗം ബിജു ചെംബ്ലാവനെ വിവരമറിയിച്ചു. പോലീസ്‌ പരിശോധനയില്‍ രജനിയുടെ തലയ്‌ക്ക് പരുക്കേറ്റതായി കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ ഒന്നരയോടെ പരപ്പില്‍നിന്ന്‌ സുബിന്‍ ബസില്‍ കയറിപ്പോകുന്നത്‌ കണ്ടവരുണ്ട്‌.

മക്കള്‍: രേവതി (ബിരുദവിദ്യാര്‍ത്ഥിനി), രതിന്‍ (പ്ലസ്‌ടു), രാജീവ്‌ (10-ാംക്ല ാസ്‌). ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: യൂനസ്‌, പീരുമേട്‌ ഡിവൈ.എസ്‌.പി: വിശാല്‍ ജോണ്‍സണ്‍, ഉപ്പുതറ സി.ഐ: എ. ഫൈസല്‍, എസ്‌.ഐ: കെ.പി. സജി എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.