ചൈനയിലെ ഷിൻജിയാംഗിലുള്ള കാശ്ഗർ നഗരത്തിൽ നിന്നുള്ള ഒരു പാകിസ്താനി വ്ലോഗറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് പ്രചരിക്കുകയാണ്. നഗരത്തിൽ ഭൂരിഭാഗവും മുസ്ലിം ജനവിഭാഗമാണെങ്കിലും പരസ്യമായി പ്രാർത്ഥന നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്.
പള്ളികൾക്ക് സമാനമായ കെട്ടിടങ്ങൾ സാംസ്കാരിക പരിപാടികൾക്കായി ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. ഈ വീഡിയോ പാകിസ്താനിലും ഇന്ത്യയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഷിൻജിയാംഗിലെ ഉയ്ഘർ മുസ്ലിംകളോടുള്ള ചൈനയുടെ നയങ്ങൾ, മതസ്വാതന്ത്ര്യം, ടൂറിസം വികസനം കാശ്ഗറിന്റെ സംസ്കാരത്തെ എങ്ങനെ ബാധിക്കുന്നു എന്നിവയെക്കുറിച്ചെല്ലാം ആളുകൾ സംസാരിക്കുന്നുണ്ട്.
പരമ്പരാഗത കെട്ടിടങ്ങളും വിപണികളും നിറഞ്ഞ കാശ്ഗറിലെ പഴയ തെരുവുകളിലൂടെ വ്ലോഗർ നടക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു പള്ളിക്ക് സമാനമായ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഒരു യുവതി നൃത്തം ചെയ്യുന്നതും താഴത്തെ പ്രധാന ഗേറ്റുകൾ അടഞ്ഞുകിടക്കുന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് കണ്ട വ്ലോഗർ അത്ഭുതപ്പെടുന്നുമുണ്ട്. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, ഷിൻജിയാംഗിലെ മത-സാംസ്കാരിക കേന്ദ്രങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയാണോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നു.
കാശ്ഗറിലെ ജനസംഖ്യയിൽ 98 ശതമാനവും മുസ്ലിംകളാണെങ്കിലും അവർക്ക് പരസ്യമായി പ്രാർത്ഥിക്കാൻ അനുമതിയില്ലെന്ന് തിരക്കേറിയ വിനോദസഞ്ചാര തെരുവുകളും അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും കാണിച്ചുകൊണ്ട് വ്ലോഗർ പറയുന്നു. ഷിൻജിയാംഗിലെ ഇസ്ലാമിക ആചാരങ്ങൾക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകൾക്ക് ഇത് വീണ്ടും ജീവൻ നൽകി. മേഖലയിലെ പല പള്ളികളും സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റുകയോ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുകയോ ആണെന്ന് വിമർശകർ ആരോപിക്കുന്നു. ചൈനീസ് സർക്കാരിന്റെ വികസന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ പത്ത് വർഷത്തിനിടെ കാശ്ഗർ നഗരത്തിൽ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.
ഈ വീഡിയോ പാകിസ്താനും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്കും കാരണമായിട്ടുണ്ട്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (CPEC) പോലുള്ള പദ്ധതികളിലൂടെ ഇരുരാജ്യങ്ങളും വളരെ അടുത്ത സൗഹൃദത്തിലാണ് കഴിയുന്നത്. പാശ്ചാത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ഷിൻജിയാംഗ് വിഷയത്തിൽ ചൈനയെ വിമർശിക്കുമ്പോഴൊക്കെ പാകിസ്താൻ ചൈനയെ പിന്തുണയ്ക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, ഈ വീഡിയോ പുറത്തുവന്നതോടെ സാമ്പത്തിക താല്പര്യങ്ങൾക്ക് വേണ്ടി മതസ്വാതന്ത്ര്യത്തെ അവഗണിക്കുകയാണോ എന്ന് പാകിസ്താനിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
അതേസമയം, ഷിൻജിയാംഗിൽ മതപരമായ പീഡനങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണങ്ങൾ ചൈന പൂർണ്ണമായും നിഷേധിക്കുന്നു. തീവ്രവാദവും വിഘടനവാദവും തടയുന്നതിനും മേഖലയിലെ സമാധാനത്തിനും സാമ്പത്തിക വളർച്ചയ്ക്കുമായാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ചൈനയുടെ വാദം. കൂടാതെ, ഉയ്ഘർ നൃത്തങ്ങളും സംഗീതവും പരമ്പരാഗത ഭക്ഷണവും ചരിത്രസ്മാരകങ്ങളും ഉയർത്തിക്കാട്ടി ഷിൻജിയാംഗിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ചൈന പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാൽ, മേഖലയിലെ കടുത്ത നിരീക്ഷണങ്ങളെക്കുറിച്ചും ഇസ്ലാമിക ആചാരങ്ങൾക്കും പൊതു ആരാധനകൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെക്കുറിച്ചും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഇപ്പോഴും ആശങ്ക പ്രകടിപ്പിക്കുന്നു.




