താൻ ‘അമ്മ’ സംഘടനയിൽ നിന്ന് രാജി വെക്കാൻ കാരണം നടൻ ടിനി ടോമാണെന്ന് നടി അൻസിബ ഹസൻ വെളിപ്പെടുത്തി. സംഘടനയുടെ ജോയിന്റ് സെക്രട്ടറി പദവിയിൽ ഇരുന്നപ്പോൾ മുതൽ പല വിഷയങ്ങളിലും താൻ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ വ്യക്തിപരമായി എടുത്ത ടിനി ടോം, തനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് താരം പറയുന്നു.
ടിനി ടോം തനിക്കെതിരെ മോശമായ അവിഹിത കഥകൾ പ്രചരിപ്പിക്കുകയാണെന്ന് അൻസിബ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ തന്നോടല്ല, മറിച്ച് മറ്റുള്ളവരോടാണ് പറയുന്നത്. അവരിലൂടെയാണ് താൻ ഇതൊക്കെ അറിയുന്നത്. ഒരു സ്ത്രീയെ എളുപ്പത്തിൽ തകർക്കാനും മോശക്കാരിയാക്കാനും ഇത്തരം കഥകൾ പ്രചരിപ്പിച്ചാൽ മതിയല്ലോ. എന്നാൽ ഇതിനേക്കാൾ ഏറെ വിഷമിപ്പിച്ചത്, താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നു എന്ന ടിനി ടോമിന്റെ ആരോപണമാണ്. താൻ ടിനി ടോമിന്റെ ഡ്രൈവറെ ഇസ്‌ലാമിലേക്ക് മാറ്റാൻ നോക്കി എന്നാണ് അദ്ദേഹം പറഞ്ഞു നടക്കുന്നത്. ഇങ്ങനെയുള്ളവരോട് അറപ്പ് തോന്നുമെന്നും ഒരുമിച്ച് ജോലി ചെയ്യാൻ പോലും കഴിയില്ലെന്നും അൻസിബ പറയുന്നു.
നടി നീന കുറുപ്പാണ് ടിനി ടോം ഇക്കാര്യങ്ങൾ പറഞ്ഞു നടക്കുന്നുണ്ടെന്ന വിവരം തന്നോട് പറഞ്ഞത്. തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് മാത്രമാണ് ഇത്തരം വർഗീയ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പല കാര്യങ്ങളിലും തനിക്ക് എതിരഭിപ്രായങ്ങൾ ഉള്ളതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത്? ടിനി ടോം വളരെ മോശമായ രീതിയിൽ നീന കുറുപ്പിനെ ചീത്ത വിളിച്ചിട്ടുണ്ടെന്നും അവരെ അടിക്കാനായി കൈ ഓങ്ങിയിട്ടുണ്ടെന്നും താൻ അറിഞ്ഞു. ഇതൊക്കെ പുറത്തുപറഞ്ഞാൽ സംഘടനയ്ക്ക് നാണക്കേടാകുമോ, തന്റെ സിനിമ ജീവിതത്തെ ബാധിക്കുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വ്യക്തിഹത്യയുടെ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ടിനി ടോം കാരണമാണ് താൻ രാജി വെക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് ‘അമ്മ’യിലെ മുതിർന്ന ഭാരവാഹികൾക്കെല്ലാം താൻ വോയ്സ് മെസേജ് അയച്ചിട്ടുണ്ടെന്നും അൻസിബ വ്യക്തമാക്കി.




