Featured Sports

മിന്നല്‍പ്പിണറായി വൈഭവ്, 38 പന്തിൽ 93, ജുറേലിന് അർധ സെഞ്ചറി, രാജസ്ഥാന് വമ്പൻ വിജയം, പ്ലേ ഓഫിനരികെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 221 റൺസ് എന്ന വലിയ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ ഏഴാം വിജയത്തോടെ 14 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 0.083 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരത്തിൽക്കൂടി വിജയിക്കാൻ സാധിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാം.

രാജസ്ഥാന്റെ വിജയത്തിൽ 93 റൺസെടുത്ത യുവതാരം വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങാണ് നിർണായകമായത്. 38 പന്തുകൾ നേരിട്ട വൈഭവ് 10 സിക്സറുകളും 7 ഫോറുകളും അടക്കമാണ് ഈ തകർപ്പൻ സ്കോർ നേടിയത്. 53 റൺസോടെ ധ്രുവ് ജുറെലും 43 റൺസ് നേടി യശസ്വി ജയ്സ്വാളും മികച്ച പിന്തുണ നൽകി. ഓപ്പണിങ് വിക്കറ്റിൽ ജയ്സ്വാളും വൈഭവും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. തുടക്കത്തിൽ റൺസ് കണ്ടെത്താൻ വൈഭവ് അല്പം ബുദ്ധിമുട്ടിയപ്പോൾ ജയ്സ്വാളാണ് തകർത്തടിച്ച് റൺറേറ്റ് ഉയർത്തിയത്.

പവർപ്ലേ ഓവറുകളിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 71 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. എന്നാൽ ഏഴാം ഓവറിൽ ജയ്സ്വാൾ പുറത്തായതിനു ശേഷം വൈഭവും ധ്രുവ് ജുറെലും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. വെറും 23 പന്തിൽ നിന്ന് അർധ സെഞ്ചറി തികച്ച വൈഭവ് 14–ാം ഓവറിലാണ് പുറത്തായത്. തുടർന്ന് വന്ന ലുവാൻ ഡെ പ്രിട്ടോറിയസ് 7 റൺസിന് പുറത്തായെങ്കിലും, ധ്രുവ് ജുറെലും 16 റൺസെടുത്ത ഡോനോവൻ ഫെറേറയും ചേർന്ന് രാജസ്ഥാനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 220 റൺസെടുത്തത്. ഓപ്പണർമാരായ മിച്ചൽ മാർഷും ജോഷ് ഇംഗ്ലിഷും ടീമിനായി അർധ സെഞ്ചറികൾ നേടി. 57 പന്തുകളിൽ നിന്ന് 5 സിക്സറുകളും 11 ഫോറുകളും അടക്കം മിച്ചൽ മാർഷ് 96 റൺസെടുത്തു. ജോഷ് ഇംഗ്ലിഷ് 29 പന്തിൽ 60 റൺസും, ക്യാപ്റ്റൻ ഋഷഭ് പന്ത് 23 പന്തിൽ 35 റൺസും നേടി ലക്നൗ സ്കോറിലേക്ക് സംഭാവന നൽകി.

ലക്നൗ ഇന്നിങ്സിന് കരുത്തായത് ഓപ്പണർമാരുടെ സെഞ്ചറി കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് വെറും 50 പന്തിൽ 109 റൺസ് അടിച്ചെടുത്തു. എന്നാൽ ജോഷ് ഇംഗ്ലിഷിനെ പുറത്താക്കി യഷ് രാജ് പുഞ്ചയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വന്ന നിക്കോളാസ് പുരാൻ 16 റൺസിന് പുറത്തായി. പിന്നീട് മിച്ചൽ മാർഷും ഋഷഭ് പന്തും ചേർന്ന് ടീമിനെ 200 കടത്തിയെങ്കിലും ഇരുവരും റൺഔട്ടാവുകയായിരുന്നു. ആയുഷ് ബദോനിയെ ജോഫ്ര ആർച്ചറും പുറത്താക്കി. ഈ പരാജയത്തോടെ പട്ടികയിൽ അവസാന സ്ഥാനത്തുള്ള ലക്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണമായി അവസാനിച്ചു.