Celebrity

നാനും റൗഡിതാന്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചു; ധനുഷും നയന്‍താരയും തമ്മില്‍ ഫൈറ്റ്

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ നയന്‍താരയും ധനുഷും കോപ്പിറൈറ്റ് വിഷയത്തില്‍ രൂക്ഷമായ തര്‍ക്കം. നയന്‍താരയുടെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലു’ മായി ബന്ധപ്പെട്ടാണ് പ്രശ്നം. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി ധാനില്‍ നിന്നുള്ള 3 സെക്കന്‍ഡ് വിലയുള്ള ക്ലിപ്പിംഗുകള്‍ ഉപയോഗിച്ചതിന് വന്‍ തുക ധനുഷ് പകര്‍പ്പവകാശ കേസുമായി ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്.

ധനുഷ് 10 കോടിയുടെ പകര്‍പ്പവകാശ കേസുമായിട്ടാണ് പോയത്. പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍, നയന്‍താര ധനുഷിന് ഒരു തുറന്ന കത്ത് എഴുതി. തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ പകര്‍പ്പവകാശ ക്ലെയിമില്‍ നടി രോഷവും ആശ്ചര്യവും പ്രകടിപ്പിച്ചു. സിനിമയില്‍ നിന്നുള്ള ചില ക്ലിപ്പിംഗുകള്‍ ഉപയോഗിക്കാന്‍ എന്‍ഒസി നിര്‍ബന്ധമാക്കാത്തതിനാല്‍ ധനുഷിന്റെ പ്രതികാര നടപടിയെന്നും ആരോപിച്ചിട്ടുണ്ട്.

”ഇത് നിങ്ങളില്‍ നിന്നുള്ള ഏറ്റവും താഴ്ന്ന നിലയാണ്. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് വളരെയധികം സംസാരിക്കുന്നു. നിങ്ങളുടെ നിരപരാധികളായ ആരാധകര്‍ക്ക് മുന്നില്‍ ഓഡിയോ ലോഞ്ചുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കാട്ടുന്നതിന്റെ പകുതി മാന്യതയേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. നിങ്ങള്‍ പ്രസംഗിക്കുന്നത് പോലെയുള്ള സ്വഭാവമുള്ളയാളല്ല.”

തന്റെ ഡോക്യുമെന്ററിക്കെതിരെ പകര്‍പ്പവകാശ കേസ് വന്നതിന് ശേഷം താനും ടീമും നേരിട്ട ദുരിതം ലേഡി സൂപ്പര്‍ സ്റ്റാര്‍ വെളിപ്പെടുത്തി. കൂടാതെ ദൃശ്യങ്ങള്‍ വ്യക്തിഗത ഉപകരണങ്ങളില്‍ എടുത്തതാണെന്നും ഇതിനകം സോഷ്യല്‍ മീഡിയയില്‍ പരസ്യമായി ലഭ്യമാണെന്നും പരാമര്‍ശിച്ചു.

‘നാനും റൗഡി ധാന്‍’ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം ധനുഷിന് തന്നോടും ഭര്‍ത്താവിനോടും ഈഗോയാണ്. സിനിമയുടെ പേരില്‍ ധനുഷ് ഇപ്പോള്‍ കാട്ടുന്നത് പ്രതികാര നടപടിയാണെന്നും നയന്‍താര പറഞ്ഞു. ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും ചിത്രത്തിലെ ഗാനങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുന്നതിന് ധനുഷ് അനുമതി നിഷേധിച്ച കാര്യവും നയന്‍താര കത്തില്‍ വ്യക്തമാക്കുന്നു. ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ റിലീസിന് ശേഷം എടുത്ത നിയമ നടപടികളില്‍ നടി വേദന പ്രകടിപ്പിച്ചു.

‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ 2024 നവംബര്‍ 18 ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. അവളുടെ ഫിലിമോഗ്രഫി, വ്യക്തിജീവിതം, അവാര്‍ഡുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ, നടിയുടെ ജീവിതത്തില്‍ നിന്നുള്ള നിരവധി തിരശ്ശീലയ്ക്ക് പിന്നിലെ നിമിഷങ്ങള്‍ ഡോക്യുമെന്ററി ഫിലിം പകര്‍ത്തും..