Featured Sports

ബംഗ്ലാദേശിന്റെ അഭ്യർഥന നിരസിച്ച് ICC; ഇന്ത്യയിലേക്ക് ഇല്ലെങ്കിൽ ലോകകപ്പിനുണ്ടാകില്ല, അന്ത്യശാസനം, പകരം സ്‌കോട്ട്‌ലന്‍ഡ്‌

ദുബായ്‌: ഇന്ത്യയില്‍ കളിക്കാന്‍ തയാറല്ലെങ്കില്‍ ട്വന്റി20 ലോകകപ്പില്‍നിന്നു പുറത്താക്കുമെന്നു ബംഗ്ലാദേശിന്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അന്ത്യശാസനം. ബംഗ്ലാദേശ്‌ നിര്‍ബന്ധ ബുദ്ധി തുടരുകയാണെങ്കില്‍ സ്‌കോട്ട്‌ലന്‍ഡിന്‌ ലോകകപ്പില്‍ കളിക്കാന്‍ അവസരം നല്‍കുമെന്ന്‌ ഐ.സി.സി. ബോര്‍ഡ്‌ വ്യക്‌തമാക്കി.

ഇന്നലെ നടന്ന ഐ.സി.സി. ബോര്‍ഡ്‌ മീറ്റിങില്‍ ബംഗ്ലാദേശിനു തീരുമാനമെടുക്കാന്‍ ഇന്നു കൂടി സമയം നല്‍കി. ഐ.സി.സി. ബോര്‍ഡിലെ ഭൂരിഭാഗം ഡയറക്‌ടര്‍മാരും ബംഗ്ലാദേശിന്‌ നിര്‍ബന്ധ ബുദ്ധി തുടര്‍ന്നാല്‍ പുറത്താക്കണമെന്നു വോട്ട്‌ ചെയ്‌തു. 15 ഡയറക്‌ടര്‍മാരില്‍ പാകിസ്‌താന്‍ മാത്രമാണു ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിലപാടിനെ പിന്തുണച്ചത്‌. പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഐ.സി.സിക്കു പിന്തുണ അറിയിച്ചു കത്തയച്ചതോടെയാണു ബോര്‍ഡ്‌ മീറ്റിങ്‌ സംഘടിപ്പിച്ചത്‌.

ഐ.സി.സി. ചെയര്‍മാന്‍ ജയ്‌ ഷായെ കൂടാതെ ബി.സി.ബി. പ്രസിഡന്റ്‌ അമിനുള്‍ ഇസ്ലാം, ബി.സി.സി.ഐ. സെക്രട്ടറി ദേവജിത്‌ സൈക്യ, ശ്രീലങ്കന്‍ ക്രിക്കറ്റ്‌ പ്രസിഡന്റ്‌ ഷാമി സില്‍വ, പി.സി.ബി. ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി, ക്രിക്കറ്റ്‌ സൗത്താഫ്രിക്ക ചെയര്‍മാന്‍ മൈക്ക്‌ ബെയ്‌ഡ്, സിംബാബ്‌വേ ക്രിക്കറ്റ്‌ പ്രസിഡന്റ്‌ ടാവെങ മുകുഹ്ലാനി, ക്രിക്കറ്റ്‌ വെസ്‌റ്റിന്‍ഡീസ്‌ പ്രസിഡന്റ്‌ കിഷോര്‍ ഷാലോ, ക്രിക്കറ്റ്‌ അയര്‍ലന്‍ഡ്‌ ചെയര്‍മാന്‍ ബ്രിയാന്‍ മാക്‌നീസ്‌, ക്രിക്കറ്റ്‌ ന്യൂസിലന്‍ഡ്‌ പ്രതിനിധി റോജര്‍ ടൂസ്‌, ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ റിച്ചാഡ്‌ തോംസണ്‍, സി.എസ്‌.എ. പ്രതിനിധി മുഹമ്മദ്‌ മൂസാജി, ക്രിക്കറ്റ്‌ അഫ്‌ഗാനിസ്‌ഥാന്‍ ചെയര്‍മാന്‍ മിര്‍വൈസ്‌ അഷ്‌റാഫ്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അസോസിയേറ്റ്‌ മെമ്പര്‍ ഡയറക്‌ടര്‍മാരായ മുബാഷിര്‍ ഉസ്‌മാനി, മഹിന്ദ വാലിപുരം, ഐ.സി.സി. സി.ഇ.ഒ. സഞ്‌ജയ്‌ ഗുപ്‌ത, ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖ്വാജ, ജനറല്‍ മാനേജര്‍ ഗൗരവ്‌ സക്‌സേന എന്നിവരും പങ്കെടുത്തു.

ബോര്‍ഡ്‌ അംഗങ്ങളില്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരും ലോകകപ്പ്‌ മത്സരക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിനെതിരേ വോട്ട്‌ ചെയ്‌തു. ബംഗ്ലാദേശ്‌ പിന്മാറുന്ന പക്ഷം മറ്റൊരു ടീമിനെ പകരക്കാരായി കൊണ്ടുവരുന്ന കാര്യത്തിലാണു ബോര്‍ഡ്‌ യോഗത്തില്‍ വോട്ടെടുപ്പ്‌ നടന്നത്‌. ഭൂരിഭാഗം അംഗങ്ങളും പകരക്കാരെ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചു വോട്ട്‌ ചെയ്‌തു