Crime

പോലീസ് ഒരുക്കിയ ‘ഹണിട്രാപ്പില്‍’ വീണു; വിവാഹപരസ്യംവഴി പരിചയപ്പെട്ട സ്ത്രീയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി വലയില്‍

വിവാഹവാഗ്ദാനം നൽകി മധ്യവയസ്കയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങിനടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചാവക്കാട് പാവറട്ടി സ്വദേശിയായ പെരുവല്ലൂർ കൊട്ടിലിങ്ങൽ വീട്ടിൽ സലീം (48) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. 2020-ൽ പത്രത്തിൽ വന്ന വിവാഹ പരസ്യത്തിൽ നിന്നാണ് പ്രതി സ്ത്രീയുടെ ബന്ധുക്കളുടെ ഫോൺ നമ്പർ സംഘടിപ്പിച്ചതും തുടർന്ന് പരാതിക്കാരിയുമായി പരിചയത്തിലായതും. പിന്നീട് രണ്ടുമൂന്ന് വർഷത്തോളം ഫോൺ വഴി മാത്രം ബന്ധം തുടർന്ന് ഇയാൾ പ്രണയം അഭിനയിക്കുകയായിരുന്നു.

താൻ വിവാഹമോചിതനാണെന്നും മകളുണ്ടെന്നും ഒരു കൂട്ട് വേണമെന്നും പറഞ്ഞ് വിദേശത്തായിരുന്ന പ്രതി സ്ത്രീയെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു. അതുവരെ ഇവർ നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് വീഡിയോ കോളിൽ കണ്ടപ്പോൾ പ്രതി സുമുഖനായതിനാൽ തനിക്ക് ചേരില്ലെന്ന് പറഞ്ഞ് സ്ത്രീ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പല കള്ളങ്ങൾ പറഞ്ഞ് സലീം അവരെ പിന്തിരിപ്പിച്ചു.

തുടർന്ന് 2024 മാർച്ചിൽ നാട്ടിലെത്തിയ പ്രതി, സ്ത്രീയെ നേരിൽ കാണാൻ വീട്ടിലെത്തുകയും ഉടൻ തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. അന്ന് രാത്രി അവിടെ തങ്ങിയ ഇയാൾ സ്ത്രീയെ നിർബന്ധപൂർവ്വം ലൈംഗികമായി ഉപയോഗിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ബന്ധുക്കളെയുമായി വന്ന് വിവാഹം ഉറപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാൾ അവിടെ നിന്നും മടങ്ങിയത്.

എന്നാൽ അവിടെ നിന്നിറങ്ങിയ ശേഷം പ്രതി സ്ത്രീയിൽ നിന്നും ബോധപൂർവ്വം അകന്നു. പിന്നീട് സലീം തന്റെ ഭാര്യയോടും മക്കളോടും ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് കണ്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം മധ്യവയസ്ക തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഇവർ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. സ്ത്രീകളെ ഫോണിലൂടെ വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്ത് മുങ്ങുന്നത് ഇയാളുടെ രീതിയാണെന്ന് പൊലീസ് പറയുന്നു.

പ്രതി വിദേശത്ത് നിന്നും നാട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. സ്ത്രീവിഷയങ്ങളിൽ താല്പര്യമുള്ള പ്രതിയെ കുടുക്കാൻ ചെങ്ങന്നൂർ സ്റ്റേഷനിലെ വനിതാ പൊലീസുകാർ മറ്റ് പേരുകളിൽ ഫോൺ വഴി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഈ കെണിയിൽ വീണ പ്രതിയെ പൊലീസ് തന്ത്രപരമായി പിടികൂടി.

ചെങ്ങന്നൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ രെഗീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണ സംഘത്തിൽ എസ്.ഐ. സജികുമാർ, എ.എസ്.ഐമാരായ ഹരി കുമാർ, അജിത് കുമാർ, സീനിയർ സി.പി.ഒമാരായ ശ്യാം കുമാർ, അനി, സി.പി.ഒമാരായ രജനി, വിബിൻ കെ ദാസ്, ബിജോഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *