ശുചിമുറിയിൽ പോകാൻ വേണ്ടി കെ.എസ്.ആര്‍.ടി. ബസ് നിര്‍ത്താനുള്ള ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ല് യുവതി ഇടിച്ച് പൊട്ടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതാ മറ്റൊരു വാര്‍ത്താ ഡല്‍ഹിയില്‍നിന്ന്. ഡൽഹി മെട്രോ ലിഫ്റ്റിൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ഒരു വയോധികനെ യുവതി ചോദ്യം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.
ദീപ്ശിഖ മേത്ത എന്ന സംരംഭക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഡൽഹി കൽക്കാജി മന്ദിർ മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിൽ വെച്ചാണ് സംഭവം നടന്നത്.
താൻ ലിഫ്റ്റിൽ കയറിയപ്പോൾ അവിടെയുണ്ടായിരുന്ന പ്രായമായ യാത്രക്കാരൻ മൂത്രമൊഴിക്കുന്നത് കണ്ടുവെന്നാണ് യുവതി പറയുന്നത്. വീഡിയോയിൽ യുവതി ചോദ്യം ചെയ്യുമ്പോൾ, ‘ആയാൽ സോറി, എന്ത് വേണമെങ്കിലും ചെയ്തോളൂ’ എന്ന് പ്രായമായ ആൾ മറുപടി നൽകുന്നതും കാണാം. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊതുശുചിത്വത്തെക്കുറിച്ചും മുതിർന്ന പൗരന്മാരോട് കാണിക്കേണ്ട സഹതാപത്തെക്കുറിച്ചും വലിയ തർക്കങ്ങൾ ഇന്റർനെറ്റിൽ ഉയർന്നു.
വിഷയം വിവാദമായതോടെ ഡൽഹി പോലീസ് സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. 2026 മേയ് 15-ന് രാത്രി 9:40-ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ജാമിയ മെട്രോ സ്റ്റേഷനിൽ നിന്ന് ഫരീദാബാദിലേക്ക് പോവുകയായിരുന്ന ഈ വയോധികന് കൽക്കാജി മെട്രോ സ്റ്റേഷനിൽ വെച്ച് പെട്ടെന്ന് കടുത്ത ശാരീരിക അസ്വസ്ഥതയും ആരോഗ്യ പ്രശ്നവുമുണ്ടായി. അവിടെ ശൗചാലയം കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചെങ്കിലും കൃത്യസമയത്ത് സാധിച്ചില്ല. ഒടുവിൽ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ ലിഫ്റ്റിനുള്ളിൽ വെച്ച് ഒരു കുപ്പിയിലേക്ക് മൂത്രമൊഴിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് പോലീസ് അറിയിച്ചു.
മറ്റു യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് മെട്രോ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) നിയമത്തിലെ 59-ാം വകുപ്പ് പ്രകാരം ഇദ്ദേഹത്തിന് പിഴ ചുമത്തിയിട്ടുണ്ട്. മെട്രോ പരിസരത്തെ വൃത്തിക്കും യാത്രക്കാരുടെ സുരക്ഷിതത്വത്തിനും തടസ്സം നിൽക്കുന്ന പ്രവൃത്തികൾക്കെതിരെ സാധാരണയായി ഇത്തരം പിഴകൾ ഈടാക്കാറുണ്ട്.
ഈ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഭിന്നമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. യുവതിക്ക് പിന്തുണയുമായി എത്തിയ ചിലർ, ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്നും ഇവർക്ക് അടിസ്ഥാന വിവരമില്ലെന്നും കുറ്റപ്പെടുത്തി. എന്നാൽ, പ്രായമായവർക്ക് പൊതുസ്ഥലങ്ങളിൽ വെച്ച് പെട്ടെന്ന് ആരോഗ്യപരമായ അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകാമെന്നും, അതിനാൽ ഇത്തരം കാര്യങ്ങളെ മനുഷ്യത്വത്തോടെയും സഹതാപത്തോടെയും കാണണമെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.




