Crime

ജിന്ന് കയറിയെന്ന് വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജനായ ഇമാമിന് യുകെയില്‍ ജീവപര്യന്തം

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് 12 വയസുകാരി ഉൾപ്പെടെ നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ഇമാമിനെ യുകെയിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷാ കാലാവധിയിൽ കുറഞ്ഞത് 20 വർഷമെങ്കിലും ഇയാൾ ജയിലിൽ കഴിയേണ്ടി വരും. ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലിം ഖാൻ (54) എന്നയാൾക്കാണ് ഈ ശിക്ഷ ലഭിച്ചത്. ഒരു മതനേതാവെന്ന തന്റെ പദവി ദുരുപയോഗം ചെയ്തും ചതിച്ചും പ്രായപൂർത്തിയായ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

ഈസ്റ്റ് ലണ്ടനിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. 2005 മുതൽ 2014 വരെയുള്ള കാലയളവിലാണ് ഇയാൾ ഇത്രയധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുകെയിലെ ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്യുന്നു. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നും ജിന്ന് ബാധിച്ച അവസ്ഥയിലാണെന്നും ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ ലൈംഗിക അതിക്രമങ്ങൾ നടത്തിയിരുന്നതെന്ന് യുകെ ആസ്ഥാനമായ സ്കൈ ന്യൂസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.

ബലാത്സംഗം, ലൈംഗിക അതിക്രമം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനം എന്നിവയുൾപ്പെടെ ഇരുപത്തിയൊന്നോളം ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു യുവതിയുടെ അണ്ഡാശയ അർബുദം സുഖപ്പെടുത്താൻ തനിക്ക് മാത്രമേ സാധിക്കൂ എന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഫ്ലാറ്റുകളിലും വിജനമായ സ്ഥലങ്ങളിലും എത്തിച്ചായിരുന്നു ഇയാൾ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ നടത്തിയിരുന്നത്.

സ്നേർസ്ബ്രൂക്ക് ക്രൗൺ കോടതിയാണ് അബ്ദുൽ ഹലിം ഖാനെതിരെ ഈ കടുത്ത ശിക്ഷ വിധിച്ചത്. പ്രധാനമായും ബംഗ്ലാദേശ് മുസ്ലിം സമുദായത്തിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഖാൻ ലക്ഷ്യമിട്ടിരുന്നതെന്ന് ജഡ്ജി ലെസ്ലി കത്ബെർട്ട് വിധിന്യായത്തിൽ പറഞ്ഞു. ആത്മീയതയുടെ മറവിൽ, തന്നെ വിശ്വസിച്ച പാവപ്പെട്ട സ്ത്രീകളെയെല്ലാം സ്വന്തം ലൈംഗിക സംതൃപ്തിക്ക് വേണ്ടി മാത്രമാണ് ഇയാൾ ഉപയോഗിച്ചതെന്നും കോടതി കൂട്ടിച്ചേർത്തു. പീഡനത്തിന് ശേഷം കാര്യങ്ങൾ പുറത്തുപറഞ്ഞാൽ കുടുംബത്തിന് വലിയ നാശമുണ്ടാകുമെന്ന് പറഞ്ഞ് ഇയാൾ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങൾക്ക് വലിയ ആപത്ത് വരുമെന്ന് പേടിച്ചും ഇമാമിന് അതിമാനുഷിക ശക്തിയുണ്ടെന്ന് ധരിച്ചുമാണ് അയാൾ പറഞ്ഞ സ്ഥലങ്ങളിലേക്ക് തങ്ങൾ പോയതെന്നാണ് ഇരകൾ കോടതിയിൽ മൊഴി നൽകിയത്.