Featured Oddly News

സ്വയം കണ്ട് നാണിക്കാന്‍ കണ്ണാടിവച്ചു, ‘മിറർ വാളിന്’ മുന്നിലും മൂത്രമൊഴിച്ച് യുവാവ്; വീഡിയോ വൈറൽ

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് തടയാൻ മൈസൂരു നഗരസഭ നടപ്പിലാക്കിയ വിചിത്രമായ പരീക്ഷണം പരാജയപ്പെട്ട വാർത്തയാണിപ്പോൾ ചർച്ചയാകുന്നത്. ആളുകൾ പതിവായി മൂത്രമൊഴിക്കുന്ന സ്ഥലങ്ങളിൽ വലിയ കണ്ണാടികൾ സ്ഥാപിച്ചായിരുന്നു അധികൃതരുടെ ഈ ‘മനശ്ശാസ്ത്ര’ നീക്കം. തങ്ങൾ ചെയ്യുന്ന പ്രവർത്തി സ്വന്തം കണ്ണാടിരൂപത്തിലൂടെ കാണുമ്പോൾ ഒരുതരം ലജ്ജ തോന്നുമെന്നും അതോടെ ഈ ശീലം മാറുമെന്നുമാണ് അധികൃതർ കരുതിയിരുന്നത്. ശുചിത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങളും ഈ മതിലുകളിൽ എഴുതിവെച്ചിരുന്നു.

എന്നാൽ ഈ പരീക്ഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പദ്ധതിയെ വെല്ലുവിളിച്ചുകൊണ്ട് ഒരാൾ കണ്ണാടിക്ക് മുന്നിൽ മൂത്രമൊഴിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. സ്വന്തം പ്രതിബിംബം മുന്നിലുണ്ടായിട്ടും യാതൊരു കൂസലുമില്ലാതെയായിരുന്നു ഇയാളുടെ പ്രവർത്തി.
ശീലങ്ങൾ മാറ്റാൻ ഇത്തരത്തിലുള്ള കണ്ണാടികൾ മതിയാകില്ലെന്നും പൗരബോധം വ്യക്തികളുടെ ഉള്ളിൽ നിന്നാണ് വരേണ്ടതെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

മതിയായ പൊതുശൗചാലയങ്ങൾ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, നിയമലംഘകർക്ക് കടുത്ത പിഴ ചുമത്തണമെന്നാണ് മറ്റുചിലരുടെ അഭിപ്രായം. നഗരസഭയുടെ ഈ പുതിയ ശ്രമം വലിയ പരാജയമായെങ്കിലും, പൊതുസ്ഥലങ്ങളോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. കണ്ണാടികൾക്ക് നമ്മുടെ രൂപം കാണിച്ചുതരാൻ മാത്രമേ കഴിയൂ, മനോഭാവം മാറ്റാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് അധികൃതർ.