Spotlight

ചിന്താ ഫ്ലാറ്റിലല്ല, ക്ലിഫ് ഹൗസ് ഒഴിഞ്ഞു; പിണറായി ഇനി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ

തിരുവനന്തപുരം∙ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ക്ലിഫ് ഹൗസ് ഒഴിഞ്ഞ കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്ക് താമസം മാറി. ഡൽഹിയിലെ പിബി യോഗം കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം നഗരമധ്യത്തിലുള്ള ഈ വീട്ടിലേക്കാണ് നേരിട്ടു പോയത്. മുൻ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു.

ബേക്കറി ജംക്‌ഷനിലെ വത്സല നഴ്‌സിങ് ഹോമിന് സമീപത്തുള്ള വീട്ടിലാകും ഇനി കുടുംബസമേതം അദ്ദേഹം താമസിക്കുക. നേരത്തെ എകെജി സെന്ററിന് അടുത്തുള്ള ചിന്ത ഫ്ലാറ്റിലേക്ക് മാറുമെന്നായിരുന്നു കരുതിയിരുന്നത്. ഇതിനായി ഫ്ലാറ്റ് വൃത്തിയാക്കുകയും ചെയ്തിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് പുതിയ വാടക വീട് തീരുമാനിച്ചത്.

വിമാനത്താവളത്തിൽ നിന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാഹനത്തിലാണ് പിണറായി വിജയൻ എത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് ക്ലിഫ് ഹൗസ് വിട്ടെങ്കിലും കോൺഗ്രസ് പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതിനാൽ അദ്ദേഹം കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇതിനിടെയാണ് പുതിയ താമസസ്ഥലത്തേക്കുള്ള മാറ്റം. പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

പത്ത് വർഷത്തെ ക്ലിഫ് ഹൗസ് ജീവിതം അവസാനിപ്പിച്ചാണ് പിണറായി വിജയൻ പുതിയ വീട്ടിലെത്തിയത്. ബേക്കറി ജംക്‌ഷനിൽ ആർബിഐക്ക് സമീപത്തുള്ള ഈ വീട് മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് എംഎൽഎയാണ് വാടകയ്ക്ക് എടുത്തതെന്നാണ് വിവരം. നേരത്തെ പിബി അംഗമെന്ന നിലയിൽ ചിന്തയിൽ രണ്ട് ഫ്ലാറ്റുകൾ അദ്ദേഹത്തിനായി മാറ്റിവച്ചിരുന്നു. എന്നാൽ സാധനങ്ങളെല്ലാം ഇപ്പോൾ പുതിയ വാടക വീട്ടിലേക്കാണ് മാറ്റിയത്. ക്ലിഫ് ഹൗസിലെ പശുത്തൊഴുത്തിൽ നിന്നു പശുക്കളെയും മാറ്റിയതായാണ് ലഭിക്കുന്ന വിവരം.

പ്രതിപക്ഷ നേതാവായാൽ ലഭിക്കുന്ന ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഓഫീസ് ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാനാണോ പിണറായിയുടെ നീക്കമെന്ന് സൂചനയുണ്ട്. അല്ലെങ്കിൽ മറ്റാരെയെങ്കിലും പ്രതിപക്ഷ നേതാവായി നിശ്ചയിക്കാൻ സാധ്യതയുള്ളതിനാലാണോ താമസത്തിന് വാടക വീട് തിരഞ്ഞെടുത്തതെന്നും ചർച്ചയാകുന്നുണ്ട്. പിണറായി പ്രതിപക്ഷ നേതാവാകുന്ന കാര്യത്തിൽ സി പി എം കേന്ദ്ര നേതൃത്വം ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. കേരളത്തിലെ പരാജയത്തിലും പിണറായി വിജയനെ പൂർണ്ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് പിബി യോഗം സ്വീകരിച്ചത്.