കെ. കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവേശനം ആണെന്ന് മുതിർന്ന നേതാവ് കെ.വി. തോമസ്. തന്റെ പുതിയ പുസ്തകമായ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന കൃതിയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തുന്നത്. കെ. മുരളീധരനെ കെപിസിസി പ്രസിഡന്റാക്കുന്നതിൽ സോണിയയ്ക്ക് താല്പര്യമില്ലായിരുന്നുവെന്നും, പ്രധാനമന്ത്രിയായ ശേഷവും പി.വി. നരസിംഹറാവുവിനെ ‘പി.വി’ എന്ന് മാത്രം കരുണാകരൻ അഭിസംബോധന ചെയ്തത് വലിയ അതൃപ്തിക്ക് കാരണമായെന്നും പുസ്തകത്തിൽ പറയുന്നു.
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജയെ സ്ഥാനാർത്ഥിയാക്കാൻ കരുണാകരൻ നടത്തിയ നീക്കങ്ങളാണ് സോണിയ ഗാന്ധിയെ പ്രകോപിപ്പിച്ചതെന്ന് കെ.വി. തോമസ് വിശദീകരിക്കുന്നു. സോണിയയുടെ പ്രതിനിധിയെന്ന നിലയിൽ പത്മജയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയത് അറിഞ്ഞപ്പോൾ, എന്തിനാണ് ഇത്തരം ‘പിൻവാതിൽ’ നീക്കങ്ങളെന്ന് സോണിയ ചോദിച്ചത്രേ. കൂടാതെ, ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് കോടോത്ത് ഗോവിന്ദൻ നായരെ രാജ്യസഭയിലേക്ക് മത്സരിപ്പിച്ചതും ഇവരുടെ അകൽച്ച വർദ്ധിപ്പിച്ചു.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോൺഗ്രസ് മന്ത്രിമാർ ഫയലുകളുമായി കരുണാകരന്റെ വീട്ടിൽ പോയിരുന്ന ശീലത്തെ താൻ എതിർത്തിരുന്നതായും തോമസ് വ്യക്തമാക്കുന്നു. റാവുവിനെ ‘പി.എം’ എന്ന് വിളിക്കാൻ കരുണാകരൻ തയ്യാറാകാത്തത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. ഫ്രഞ്ച് ചാരക്കേസ്, ഹവാല വിവാദം തുടങ്ങിയവയും പുസ്തകത്തിൽ ചർച്ചയാകുന്നുണ്ട്.
അതേസമയം, കെ.വി. തോമസിന്റെ പരാമർശങ്ങൾക്കെതിരെ പത്മജ വേണുഗോപാൽ രൂക്ഷമായി പ്രതികരിച്ചു. കെ.വി. തോമസ് മനഃസാക്ഷിയില്ലാത്ത മനുഷ്യനാണെന്നും കരുണാകരനെ വിമർശിക്കാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും പത്മജ പറഞ്ഞു. തോമസിന്റെ പഴയ ചരിത്രം തനിക്ക് വിളിച്ചുപറയേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി.




