തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സോഷ്യൽ മീഡിയയിൽ അണികളുടെയും അനുഭാവികളുടെയും വലിയ പ്രതിഷേധം. നിർണായകമായ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള സി.പി.എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സ്ഥാനമൊഴിയണമെന്നാണ് ഭൂരിഭാഗം കമന്റുകളിലൂടെയും ഉയരുന്ന ആവശ്യം. പദവിയിൽ നിന്ന് മാറിനിൽക്കണമെന്ന് അഭ്യർത്ഥിച്ചും രാജിവെക്കാൻ ആവശ്യപ്പെട്ടുമുള്ള കമന്റുകൾ കൊണ്ട് പോസ്റ്റ് നിറഞ്ഞു.
ഭാര്യക്ക് സീറ്റ് ഉറപ്പാക്കാൻ ശ്രമിച്ചപ്പോൾ പാർട്ടിയുടെ സ്വാധീനമുള്ള മൂന്ന് ജില്ലകൾ കൈവിട്ടുപോയെന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകളും ചിലർ ഉന്നയിക്കുന്നുണ്ട്. എം.വി. ഗോവിന്ദന്റെ രാജി ലക്ഷക്കണക്കിന് അണികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അവരെ നിരാശപ്പെടുത്തരുതെന്നുമാണ് ചിലരുടെ അഭിപ്രായം.
പാർട്ടിയെ സ്നേഹിക്കുന്നവരും അനുഭാവികളും അദ്ദേഹത്തിന് പകരം എം. സ്വരാജിനെയോ പി. ജയരാജനെയോ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന നിർദ്ദേശവും കമന്റുകളിലൂടെ പങ്കുവെക്കുന്നുണ്ട്. വലിയ രീതിയിലുള്ള പ്രതിഷേധമാണ് സൈബർ ഇടങ്ങളിൽ പാർട്ടി സെക്രട്ടറിക്കെതിരെ നിലവിൽ നടക്കുന്നത്.




