Crime Featured

ലൈംഗികാക്രമണം, ഭിത്തിയിൽ തലയിടിപ്പിച്ചു; ബെംഗളൂരുവിൽ മലയാളി യുവതിയെ മര്‍ദിച്ചു കൊന്നു; കൊല്ലം സ്വദേശിക്കായി തിരച്ചിൽ

ബെംഗളൂരുവിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്കെത്തിയ തൃശൂർ വാടാനപ്പള്ളി സ്വദേശിയായ നാൽപ്പത്തിയേഴുകാരി മർദനമേറ്റു മരിച്ചു. യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായും പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

അബോധാവസ്ഥയിലായ യുവതിയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. പ്രതിയായ ബെംഗളൂരു സുളിബെലെയിൽ താമസിക്കുന്ന കൊല്ലം സ്വദേശി ദീപക് കൃഷ്ണനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

തൃശൂർ തളിക്കുളത്തെ സ്വന്തം വീട്ടിൽ 160-ഓളം തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്നവരാണ് മരിച്ച യുവതിയും ഭർത്താവും. സമാനമായ രീതിയിൽ ബെംഗളൂരുവിൽ ദീപക് നടത്തുന്ന കേന്ദ്രത്തിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞാണ് യുവതി അങ്ങോട്ടേക്ക് പോയത്. പ്രതിമാസം 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ഏപ്രിൽ 17-നാണ് യുവതി ബെംഗളൂരുവിലെത്തിയത്. എന്നാൽ അവിടെ എത്തിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

തൃശൂരിൽ നിന്നുള്ള മറ്റ് രണ്ട് പെൺകുട്ടികളും യുവതിക്കൊപ്പം ഈ കേന്ദ്രത്തിൽ ജോലിക്ക് പോയിരുന്നു. വിജനമായ പറമ്പിനുള്ളിലെ ചെറിയ വീട്ടിലായിരുന്നു ഇവരുടെ താമസം. അവിടെവച്ച് ദീപക് മോശമായി പെരുമാറാൻ തുടങ്ങിയതോടെ ജോലി ഉപേക്ഷിക്കുകയാണെന്ന് ഇവർ അറിയിച്ചു. ഇതിൽ പ്രകോപിതനായ ദീപക് യുവതികളെ ക്രൂരമായി മർദിക്കാൻ തുടങ്ങി. നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ച മേയ് മൂന്നിന് വൈകിട്ട്, പ്രതി യുവതിയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയും നിലത്തിട്ട് തലയിൽ ചവിട്ടുകയും ചെയ്തു. മുടിയിൽ പിടിച്ചു തല ഭിത്തിയിൽ ഇടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

ക്രൂരമർദനത്തെത്തുടർന്ന് യുവതി അബോധാവസ്ഥയിലായപ്പോൾ മറ്റു രണ്ട് പെൺകുട്ടികൾക്കൊപ്പം ഇവരെ വീടിനുള്ളിൽ പൂട്ടിയിട്ട് ദീപക് കടന്നുകളഞ്ഞു. പിന്നീട് പെൺകുട്ടികൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. അന്വേഷണത്തിനായി ആദ്യം എത്തിയ രണ്ട് പൊലീസുകാരെയും ദീപക് മുറിക്കുള്ളിലിട്ട് പൂട്ടിയിരുന്നതായി പറയപ്പെടുന്നു. കൂടുതൽ പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതി മരിച്ചാൽ ബാക്കി കാര്യം നോക്കാം എന്ന തരത്തിൽ ദീപക് അയച്ച ഭീഷണി സന്ദേശങ്ങൾ തെളിവായി ഭർത്താവ് പൊലീസിന് കൈമാറിയിട്ടുണ്ട്.