മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഒമ്പതാം വിവാഹത്തിന് പിന്നാലെ കുപ്രസിദ്ധ തട്ടിപ്പ് സംഘം പൊലീസ് പിടിയിലായി. ‘ലൂട്ടേരി ദുൽഹൻ’ (കൊള്ളക്കാരിയായ വധു) എന്നറിയപ്പെടുന്ന യുവതിയും അവരുടെ സംഘവുമാണ് ഒമ്പതാമത്തെ ഇരയെ വഞ്ചിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. വ്യാജ വിവാഹങ്ങൾ സംഘടിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന വലിയൊരു റാക്കറ്റാണ് ഇതോടെ വലയിലായത്. ബീഡിലെ ഉമാപൂർ ഗ്രാമവാസിയായ യുവാവാണ് ഈ തട്ടിപ്പ് സംഘത്തിന്റെ അവസാന ഇരയായത്.
വിവാഹ വാഗ്ദാനം നൽകി സംഘത്തിലെ ഏജന്റുമാർ യുവാവിനെ സമീപിച്ച് കെണിയിൽ വീഴ്ത്തുകയായിരുന്നു. വിവാഹ ചടങ്ങുകൾക്കായി ലക്ഷക്കണക്കിന് രൂപയാണ് ഇവർ യുവാവിൽ നിന്ന് കൈക്കലാക്കിയത്. എന്നാൽ വിവാഹശേഷം വധുവിന്റെ അസ്വാഭാവികമായ പെരുമാറ്റത്തിൽ യുവാവിന് സംശയം തോന്നി. തുടർന്ന് അദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
യുവതി ഇതിനുമുമ്പ് എട്ടു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഓരോ തവണയും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും യുവാവ് കണ്ടെത്തി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ വീട്ടിലെ പണവും സ്വർണവുമായി മുങ്ങുന്നതായിരുന്നു ഇവരുടെ പതിവ് രീതി. തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് സൂപ്രണ്ടിനെ നേരിട്ട് കണ്ട് പരാതി നൽകുകയായിരുന്നു.
യുവാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സംഘത്തിലെ പ്രധാനികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പിടിയിലായ യുവതിയെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പ് കഥകൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്. തട്ടിപ്പ് സംഘത്തിലെ മറ്റ് ഏജന്റുമാരെ പിടികൂടാനായി പ്രത്യേക പൊലീസ് സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.




