ചെന്നൈ ബസന്ത് നഗർ ബീച്ചിൽ കാറിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന 21 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ് കോൺസ്റ്റബിൾ പിടിയിലായി. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ തിരുനെൽവേലി പോലീസ് കമ്മീഷണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ജോസഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അഡയാർ സ്വദേശിനിയും എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയുമായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം കാറിലിരിക്കുമ്പോഴാണ് ജോസഫ് എത്തിയത്. ടോർച്ച് അടിച്ച് കാറിനടുത്തെത്തിയ ഇയാൾ ഐഡി കാർഡ് കാണിച്ച് താൻ ശാസ്ത്രിനഗർ സ്റ്റേഷനിലെ പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി.
ഇരുവരും ഒന്നിച്ച് കാറിലിരിക്കുന്നത് വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ സ്റ്റേഷനിൽ കൊണ്ടുപോകുമെന്ന് പറഞ്ഞതിനെ തുടർന്ന് പെൺകുട്ടിയുടെ സുഹൃത്ത് പണം പിൻവലിക്കാൻ എടിഎമ്മിലേക്ക് പോയി. ഈ സമയത്താണ് ജോസഫ് കാറിനുള്ളിൽ കയറി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. സുഹൃത്ത് മടങ്ങിയെത്തിയപ്പോൾ എണ്ണായിരം രൂപയും വാങ്ങി ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞു.
വീട്ടിലെത്തിയ പെൺകുട്ടി വിവരം സഹോദരിയെ അറിയിച്ചതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ ജോസഫിനെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെന്നൈയിൽ എത്തിയ ഇയാൾ അധികാരം ദുരുപയോഗം ചെയ്ത് കുറ്റകൃത്യം നടത്തുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.




