Crime

‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റർനെറ്റിൽ, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കി, 19 പേജുള്ള ആത്മഹത്യാക്കുറിപ്പ്

ഹൈദരാബാദിൽ ഹുസൈൻ സാഗർ തടാകത്തിൽ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം പുറത്തുവന്നു. ഭാര്യയുടെ അവിഹിത ബന്ധങ്ങളും അതുകാരണം ഉണ്ടായ മാനസിക വിഷമവുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുറിപ്പിലെ പ്രധാന ആരോപണം.

തന്റെ ഭാര്യയ്ക്ക് മറ്റ് മൂന്ന് പുരുഷന്മാരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് കുറിപ്പിൽ സീതാറാം വ്യക്തമാക്കുന്നു. ഇതിൽ ഒരാൾ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചത് കണ്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത്. ഇന്റർനെറ്റിൽ ഭാര്യയുടെ വീഡിയോകൾ കണ്ടത് തന്നെ വല്ലാതെ തളർത്തിയെന്നും ഇതിനിടെ ഭാര്യയുടെ സുഹൃത്തുക്കളിലൊരാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും കുറിപ്പിൽ പറയുന്നുണ്ട്.

എല്ലാ കാര്യങ്ങളിലും താൻ ഭാര്യയെ പിന്തുണച്ചിട്ടും അവർ തന്നെ ചതിച്ചുവെന്നും തന്റെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഭാര്യയ്ക്കാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. യുവാവ് എഴുതിയതെന്ന് കരുതുന്ന ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുറിപ്പിലെ വസ്തുതകൾ പരിശോധിച്ച് വരികയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.