മലപ്പുറത്ത് തന്നെ സംരക്ഷിച്ചിരുന്ന സ്ത്രീയുടെ വിയോഗത്തിന് പിന്നാലെ അവരുടെ ഖബറിടത്തിന് കാവലിരിക്കുന്ന തെരുവുനായയുടെ ദൃശ്യങ്ങൾ നൊമ്പരമാകുന്നു. മലപ്പുറം എടവണ്ണ പാതാപ്പിരിയം പെരുവിൽക്കുണ്ട് സ്വദേശിനി ആമിനയും അവർ എന്നും ഭക്ഷണം നൽകി പോറ്റിയിരുന്ന ഒരു തെരുവുനായയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ കഥയാണിത്. ദിവസവും ആമിന നൽകുന്ന ഭക്ഷണത്തിനായി കാത്തിരിക്കാറുള്ള ഈ നായയ്ക്ക് അവരോട് വലിയ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്.
കഴിഞ്ഞദിവസം റോഡരികിൽ ആമിന കുഴഞ്ഞുവീണപ്പോൾ ആദ്യം തിരിച്ചറിഞ്ഞത് ഈ നായയായിരുന്നു. നായ നിർത്താതെ കുരച്ച് ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നായ കുരച്ചില്ലായിരുന്നെങ്കിൽ അവർ അവിടെ വീണുകിടക്കുന്നത് ആരും അറിയുമായിരുന്നില്ലെന്ന് പള്ളി പരിസരത്തുള്ളവർ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആമിനയുടെ ജീവൻ രക്ഷിക്കാനായില്ല.
ആമിനയുടെ മരണശേഷവും ആ നായ അവരെ വിട്ടുപിരിഞ്ഞില്ല. വിലാപയാത്രയെ പിന്തുടർന്ന് പള്ളിയിലെത്തിയ നായ സംസ്കാര ചടങ്ങുകളിലുടനീളം അവിടെത്തന്നെ നിന്നു. ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും മടങ്ങിയിട്ടും നായ മാത്രം അവിടെ നിന്നും പോകാൻ തയ്യാറായില്ല. കഴിഞ്ഞ മൂന്നു ദിവസമായി ആമിനയുടെ ഖബറിന് അരികിൽ കാവലിരിക്കുകയാണ് ഈ മിണ്ടാപ്രാണി.
പ്രാർത്ഥനയ്ക്കായി ആമിനയുടെ മക്കളും പേരമക്കളും എത്തുമ്പോൾ ഈ നായ അവരെ അനുഗമിക്കുകയും അവർക്കൊപ്പം അവിടെത്തന്നെ കാത്തുനിൽക്കുകയും ചെയ്യുന്നു. തനിക്ക് സ്നേഹവും കരുതലവും നൽകിയവരോടുള്ള മൃഗങ്ങളുടെ അടങ്ങാത്ത നന്ദിയുടെയും വിശ്വസ്തതയുടെയും അടയാളമായി മാറിയിരിക്കുകയാണ് ഈ സംഭവം. ആമിനയുടെ കാരുണ്യം അവരുടെ കുടുംബത്തിലൂടെ മാത്രമല്ല, ആ വിശ്വസ്തനായ നായയിലൂടെയും ആ ഗ്രാമത്തിൽ ഇന്നും ഓർമ്മിക്കപ്പെടുന്നു.




