Crime Featured

‘ എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാർ, അച്ഛനെയും കൊല്ലണം’: കണ്ണൂരിൽ അമ്മയെ കൊന്ന യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ‍

കണ്ണൂർ∙ കണ്ണൂർ കേളകത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ യുവാവ് അയൽവാസിയോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ . തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്നും ഇനി അവർ ഉപദേശിക്കേണ്ടെന്നും ക്രിസ്റ്റി പറഞ്ഞതായി അയൽവാസിയായ നിപുൻ വെളിപ്പെടുത്തി. അമ്മ ഗീതമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനെയും വകവരുത്തണമെന്നു ക്രിസ്റ്റി പറഞ്ഞിരുന്നതായും നിപുൻ പറഞ്ഞു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെ മകൻ ക്രിസ്റ്റി ദാരുണമായി കൊലപ്പെടുത്തിയത്.

രാത്രി പത്ത് മണിയോടെ ഗീതമ്മയുടെ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ടാണ് അയൽവാസിയും വാടകക്കാരനുമായ നിപുൻ അങ്ങോട്ടേക്ക് എത്തിയത്. അവിടെ എത്തുമ്പോൾ ക്രിസ്റ്റിയും ഗീതമ്മയുടെ രണ്ട് സഹോദരങ്ങളും തമ്മിൽ വലിയ സംഘട്ടനം നടക്കുകയായിരുന്നു. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തന്റെ പെങ്ങളെ ക്രിസ്റ്റി കൊന്നുവെന്ന് സഹോദരങ്ങളിൽ ഒരാൾ പറഞ്ഞത്. ഉടൻ അകത്ത് കയറി നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന ഗീതമ്മയെയാണ് കണ്ടത്. വേഗം കാറെടുത്ത് വന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ നോക്കിയെങ്കിലും സഹോദരങ്ങൾ മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. തുടർന്നാണ് മറ്റൊരു അയൽവാസിയായ ദിലീപിനെ നിപുൻ സഹായത്തിന് വിളിച്ചത്.

ദിലീപ് എത്തിയ ഉടനെ പോലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. ഇതിനിടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ക്രിസ്റ്റി തന്റെ അപ്പനെയും കൊല്ലണമെന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് നടന്നകന്നത്. നിപുൻ പിന്നാലെ ചെന്നപ്പോൾ അടുത്തുള്ള കടയിൽ ഇരിക്കുന്ന ക്രിസ്റ്റിയെയാണ് കണ്ടത്. അവനോട് ശാന്തമായി സംസാരിച്ച ശേഷം പോലീസ് സ്റ്റേഷനിൽ പോകാമെന്ന് നിപുൻ പറഞ്ഞു. സ്റ്റേഷനിൽ കൊണ്ടുവിടാമോ എന്ന് ക്രിസ്റ്റി തിരിച്ചു ചോദിക്കുകയും തുടർന്ന് സ്കൂട്ടറിൽ കയറ്റി അവനെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. വീട്ടുകാർ കാരണമാണ് താൻ ഇങ്ങനെയൊക്കെ ആയതെന്നും ബോധപൂർവ്വമാണ് എല്ലാം ചെയ്യുന്നതെന്നും ക്രിസ്റ്റി പറഞ്ഞതായി നിപുൻ ഓർക്കുന്നു. മയക്കുമരുന്നിന് അടിമയായ ക്രിസ്റ്റി പഠനം നിർത്തിയ ശേഷം എറണാകുളത്തായിരുന്നു, ഒരു മാസമായിട്ടേ നാട്ടിൽ എത്തിയിട്ടുള്ളൂ.

പുതിയ റിസോർട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ക്രിസ്റ്റിയുടെ സഹോദരി വിവാഹിതയാണ്. ബെംഗളൂരുവിൽ ബിസിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ക്രിസ്റ്റി നാട്ടിലെത്തിയത്. കൊല്ലപ്പെട്ട ഗീതമ്മ മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു. കൂടാതെ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും തയ്യൽ കടയും അവർ നടത്തിയിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും. കൊലപാതകത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.