ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് കരളലിയിക്കുന്ന ഒരു വീരഗാഥ പുറത്തുവരുന്നു. ‘കാളി’ എന്ന് പേരുള്ള ഒരു തെരുവുനായ 30-ലധികം കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ ബലിനൽകി നാടിന്റെ നായികയായി മാറിയിരിക്കുകയാണ്. ധീരകുല ഗ്രാമത്തിലെ അംഗൻവാടിക്ക് സമീപം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിശക്തമായ വിഷമുള്ള ഒരു പാമ്പ് അവർക്ക് നേരെ ഇഴഞ്ഞടുത്തത്. അപകടം തിരിച്ചറിഞ്ഞ കാളി ഒട്ടും വൈകാതെ പാമ്പിന് മുന്നിലേക്ക് ചാടിവീണു.
കുട്ടികൾക്കും പാമ്പിനും ഇടയിൽ ഒരു കാവൽ മാലാഖയെപ്പോലെ നിലയുറപ്പിച്ച കാളി പാമ്പിനെ ക്രൂരമായി ആക്രമിച്ചു. പോരാട്ടത്തിനിടയിൽ കാളിയുടെ മുഖത്തും വായയിലും പലതവണ പാമ്പിന്റെ കടിയേറ്റു. കഠിനമായ വേദനയും ശരീരത്തിൽ പടരുന്ന വിഷവും വകവെക്കാതെ, പാമ്പിനെ കൊല്ലുന്നത് വരെ അവൾ പോരാട്ടം തുടർന്നു. ഒടുവിൽ പാമ്പിനെ വകവരുത്തി കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയതിന് പിന്നാലെ അവൾ തളർന്നുവീണു. നിമിഷങ്ങൾക്കുള്ളിൽ ആ വീരനായ് ലോകത്തോട് വിടപറഞ്ഞു.
കാളിയുടെ ഈ ജീവത്യാഗം ഗ്രാമവാസികളെയാകെ കണ്ണീരിലാഴ്ത്തി. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകുന്ന എല്ലാ ബഹുമതികളോടും കൂടി ഗ്രാമവാസികൾ അവൾക്ക് യാത്രയയപ്പ് നൽകി. വെള്ളത്തുണിയിൽ പൊതിഞ്ഞ് പൂക്കളാൽ അലങ്കരിച്ച കാളിയുടെ മൃതദേഹം വിലാപയാത്രയായാണ് സംസ്കാരത്തിന് കൊണ്ടുപോയത്. വികാരാധീനരായ ഗ്രാമവാസികൾ കണ്ണീരോടെയാണ് തങ്ങളുടെ കാവൽക്കാരിക്ക് വിട നൽകിയത്. ഒരു തെരുവുനായയുടെ നിസ്വാർത്ഥമായ സ്നേഹത്തിന്റെയും ധീരതയുടെയും കഥ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങും പടരുകയാണ്. സ്വന്തം ജീവൻ നൽകി ആ മുപ്പത് കുട്ടികൾക്ക് അവൾ പുതിയൊരു ജീവിതം സമ്മാനിച്ചു.




