Health

ചിലർക്ക് മറ്റുള്ളവരെക്കാൾ കൊതുക് കടിയേൽക്കുന്നത് കൂടുതലാണ്, എന്തുകൊണ്ട്? രക്തത്തിന് രുചി കൂടുതലോ?

ഡെങ്കിപനി, മലേറിയ, ചിക്കുന്‍ഗുനിയ എന്നിങ്ങനെ നിരവധി രോഗങ്ങള്‍ പരത്തുന്നവയാണ് കൊതുകുകള്‍. എന്തുകൊണ്ടാണ് കൊതുകുകള്‍ മനുഷ്യരക്തം കുടിക്കുന്നത് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അതും ചില ആളുകളെ മറ്റുള്ളവരെ അപേക്ഷിച്ച് കൊതുകുകള്‍ കൂടുതല്‍ കടിക്കാറുണ്ട്.എന്തുകൊണ്ട്? അവരുടെ രക്തത്തിന് രുചി കൂടുതലായതുകൊണ്ടാണോ?

നിങ്ങളുടെ ചർമ്മത്തിലെ സൂക്ഷ്മാണുക്കൾ, ശ്വാസത്തിലൂടെ പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡ് എന്നിവ മുതൽ നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം വരെയുള്ള വിവിധ ഘടകങ്ങൾ നിങ്ങളെ കൊതുകുകൾക്ക് കൂടുതൽ സ്വീകാര്യമാക്കുമെന്ന് പഠനം വെളിപ്പെടുത്തുന്നു. എന്നാൽ കൊതുകുകളുടെ ഇഷ്ടാനിഷ്ടങ്ങളിലെ വ്യത്യാസത്തിന്റെ രണ്ട് ഘടകങ്ങളിലേക്ക് വരുന്നു: നമ്മുടെ സ്വാഭാവിക ശരീര ഗന്ധവും ജനിതകശാസ്ത്രവും. ഒ ഗ്രൂപ്പ് രക്തമുളളവർ മറ്റുള്ളവരെ അപേക്ഷിച്ച് (എ അല്ലെങ്കിൽ ബി) കൊതുകുകളെ കൂടുതൽ ആകർഷിക്കുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് പറയപ്പെടുന്നു.

അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ദി റോക്‌ഫെല്ലെര്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ മനുഷ്യന്റെ ചോര കുടിയ്ക്കുന്നത് പെണ്‍ കൊതുകുകളാണാണെന്നാണ്. പെണ്‍കൊതുകുകള്‍ക്ക് മുട്ടയിടുന്ന സമയത്ത് മനുഷ്യ രക്തം ആവശ്യമാണ്. ഈഡിസ് ഈജിപ്തി വിഭാഗത്തിലെ പെണ്‍ കൊതുകുകള്‍ക്ക് രക്തവും പൂന്തേനും തിരിച്ചറിയാനുള്ള കഴിവുണ്ട്. കൊതുകിന്റെ നീളമേറിയ കൊമ്പുകള്‍ക്ക് തൊലിക്കടിയില്‍ രക്തം ഏറ്റവുമധികം എവിടെയെന്ന് കണ്ടെത്താന്‍ സഹായിക്കും. കൊതുകുകളില്‍ രക്തത്തിന്റെ സ്വാദിനോട് പ്രതികരിക്കുന്നവ മാത്രമല്ല ഊഷ്മാവും മനസ്സിലാക്കുന്നവയുമുണ്ട്. ശരീര ഗന്ധവും കൊതുകുകള്‍ മനസ്സിലാക്കുന്നുണ്ടെന്നും പഠനഫലം പറയുന്നു. ഗർഭിണികളായ സ്ത്രീകൾക്കും അമിതവണ്ണമുള്ളവർക്കും മെറ്റബോളിസം നിരക്ക് കൂടുതലാണ്, ഇത് കൊതുകുകളെ കൂടുതൽ ആകർഷിക്കും.

കൃത്രിമമായി നിര്‍മ്മിച്ച രക്തം കുടിക്കുമ്പോള്‍ കൊതുകുകളുടെ ശരീരഭാഗങ്ങള്‍ പ്രത്യേകം തിളങ്ങുന്നത് ഗവേഷകര്‍ കണ്ടെത്തി. ഇതിലൂടെ ഏതെല്ലാം ഭാഗങ്ങളാണ് ചോര കുടിക്കുമ്പോഴും പൂന്തേന്‍ ഉണ്ണുമ്പോഴും പ്രവര്‍ത്തിക്കുകയെന്ന് ഗവേഷകര്‍ കൃത്യമായി മനസിലാക്കി. യഥാര്‍ത്ഥമായ രക്തം കുടിക്കുമ്പോഴും സിന്തറ്റിക് രക്തം കുടിക്കുമ്പോഴും ഒരു വിഭാഗം ന്യൂറോണുകളാണ് കൊതുകില്‍ സജീവമായി കണ്ടത്. എന്നാല്‍ മനുഷ്യരക്തം എങ്ങനെയാണ് കൊതുകിന് രുചിയായി തോന്നുന്നതെന്ന് ഗവേഷകര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.