ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴി സെക്കൻഡ് ഹാൻഡ് ഡ്രയർ വാങ്ങിയ ഒരാൾക്ക് ലഭിച്ചത് ലോട്ടറിയടിച്ച പ്രതീതിയുള്ള വമ്പൻ സമ്മാനം. ഒരു സാംസങ് ഡ്രയർ വാങ്ങിയ യുവാവിന് അതിന്റെ ഉള്ളിൽ നിന്ന് കെട്ടുകണക്കിന് പണമാണ് ലഭിച്ചത്. എന്നാൽ ഈ സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങളും സംശയങ്ങളും ഉയരുന്നുണ്ട്.
കുറഞ്ഞ വിലയ്ക്ക് കിട്ടിയ ഡ്രയർ വീട്ടിലെത്തിച്ച് പ്രവർത്തിപ്പിച്ചപ്പോൾ തുണികൾ ഉണങ്ങുന്നില്ലെന്ന് യുവാവ് ശ്രദ്ധിച്ചു. സഹായത്തിനായി ഡ്രയർ വിറ്റയാളെ ബന്ധപ്പെട്ടപ്പോൾ അയാൾ യുവാവിനെ ബ്ലോക്ക് ചെയ്തു. ഇതോടെ നിരാശനായ ഇയാൾ മെഷീൻ നന്നാക്കാനായി ഒരു ടെക്നീഷ്യനെ വിളിച്ചു. മെഷീൻ തുറന്നു പരിശോധിച്ച ടെക്നീഷ്യനാണ് ഉള്ളിൽ പണക്കെട്ടുകൾ ഇരിക്കുന്നത് കണ്ടത്. ഡ്രയറിന്റെ മുകൾഭാഗം മുതൽ താഴെ വരെ പണം നിറഞ്ഞിരുന്നതിനാലാണ് അത് പ്രവർത്തിക്കാതിരുന്നതെന്ന് പറയപ്പെടുന്നു. എന്നാൽ യുവാവ് തന്നെയാണ് പണം കണ്ടെത്തിയതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് വരുന്നത്. ഡ്രയർ വിറ്റയാൾ യുവാവിനെ ബ്ലോക്ക് ചെയ്തത് നന്നായെന്നും അല്ലെങ്കിൽ ഈ പണം അയാൾക്ക് നഷ്ടപ്പെടുമായിരുന്നു എന്നുമാണ് ചിലരുടെ അഭിപ്രായം. ഇനി മുതൽ തങ്ങളും സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റ് പ്ലേസിൽ തിരയാൻ പോവുകയാണെന്ന് ചിലർ തമാശയായി കുറിച്ചു.
അതേസമയം, ഈ വീഡിയോയുടെ സത്യാവസ്ഥയെ ചിലർ ചോദ്യം ചെയ്യുന്നുണ്ട്. ഡ്രയറിനുള്ളിലെ ചെറിയ സുഷിരങ്ങളിലൂടെ ഇത്രയധികം പണം ഉള്ളിലെത്താൻ സാധ്യതയില്ലെന്നും, കേവലം ലൈക്കുകൾക്കും വ്യൂസിനുമായി കെട്ടിച്ചമച്ച വീഡിയോയാണിതെന്നും വിമർശനങ്ങളുണ്ട്. ഇത്രയും പണം കിട്ടിയാൽ ആരെങ്കിലും അത് വീഡിയോ എടുത്ത് ലോകത്തെ അറിയിക്കുമോ എന്നും ആളുകൾ ചോദിക്കുന്നു. ഏതായാലും ഈ ‘വാഷിംഗ് മെഷീൻ ലോട്ടറി’ ഇപ്പോൾ ഇന്റർനെറ്റിലെ ചൂടുള്ള ചർച്ചാവിഷയമാണ്.




