Featured Sports

അപ്പീൽ‍ ചെയ്യാതെ ബോളർ, റിവ്യുവിന് ഋതുരാജിനെ നിർബന്ധിച്ച് സഞ്ജുവിന്റെ ബ്രില്യൻസ്; ഡിആർഎസിൽ അഭിഷേക് ഔട്ട്!

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ ബ്രില്യന്റ്സ് വീണ്ടും. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്തിരുന്ന ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കാനാണ് സഞ്ജുവിന്റെ കൃത്യമായ ഇടപെടൽ സഹായിച്ചത്. ജെയ്മി ഓവർടൻ എറിഞ്ഞ പന്ത് ബാറ്റിൽ തട്ടിയത് തിരിച്ചറിഞ്ഞ സഞ്ജു അപ്പീൽ ചെയ്തെങ്കിലും ബൗളർ അടക്കമുള്ള മറ്റ് താരങ്ങൾ പ്രതികരിച്ചില്ല.

എന്നാൽ റിവ്യൂ എടുക്കാൻ സഞ്ജു ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ നിർബന്ധിക്കുകയായിരുന്നു. സഞ്ജുവിന്റെ ആത്മവിശ്വാസത്തിന് വഴങ്ങി എടുത്ത റിവ്യൂവിൽ ബാറ്റിൽ പന്ത് തട്ടിയതായി തെളിയുകയും അഭിഷേക് പുറത്താവുകയും ചെയ്തു. 22 പന്തിൽ 59 റൺസെടുത്ത താരത്തെ പുറത്താക്കാൻ കഴിഞ്ഞത് ചെന്നൈയ്ക്ക് വലിയ ആശ്വാസമായി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് നേടിയത്. അഭിഷേകിനെ കൂടാതെ 59 റൺസെടുത്ത ഹെൻറിച് ക്ലാസനും ഹൈദരാബാദിനായി മികച്ച പോരാട്ടം നടത്തി. എന്നാൽ വിക്കറ്റിനു പിന്നിൽ തിളങ്ങിയെങ്കിലും ബാറ്റിങ്ങിൽ സഞ്ജുവിന് വലിയ സ്കോർ നേടാനായില്ല. ഏഴ് റൺസെടുത്ത സഞ്ജു നിതീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ ക്ലാസന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ചെന്നൈ ടീമിനായി കളിക്കുന്ന സഞ്ജുവിന്റെ ബാറ്റിങ്ങിലെ പരാജയം ആരാധകർക്ക് നിരാശയായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ 184 റൺസ് മാത്രമാണ് നേടാനായത്. 10 റൺസിന്റെ വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. ഹൈദരാബാദ് ഉയർത്തിയ 195 റൺസ് എന്ന കനത്ത വിജയലക്ഷ്യം മറികടക്കാൻ ശ്രമിച്ച ചെന്നൈ ബാറ്റിംഗ് നിരയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. പൊരുതി നോക്കിയെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഈ വിജയത്തോടെ ആറു പോയിന്റാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.