Crime

ലഹരിമരുന്ന് നല്‍കി ഡോക്ടർ പീഡിപ്പിച്ചത് 10തവണ, ദൃശ്യങ്ങൾ പകർത്തി; ഗർഭനിരോധന ഗുളിക കഴിക്കാനും നിർബന്ധിച്ചു

അജ്മീറിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറും ഒരു ഇ-മിത്ര ഓപ്പറേറ്ററും ചേർന്ന് പതിനാറുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഇരയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2024 അവസാനത്തിൽ സഹോദരന്റെ ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടി ഡോക്ടറെ പരിചയപ്പെട്ടത്. വിശ്വാസം പിടിച്ചുപറ്റിയ ഡോക്ടർ പിന്നീട് പുറത്തുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയായിരുന്നു.

2025 ഫെബ്രുവരി 14ന് ഒരു ഫ്ലാറ്റിലെത്തിച്ച് പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡോക്ടർ തന്നെ ആദ്യം പീഡിപ്പിച്ചെന്ന് പെൺകുട്ടി ആരോപിക്കുന്നു. ഈ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പത്തോളം തവണ പീഡനം തുടർന്നു. ഇതിനിടെ വിവരം ധരിപ്പിച്ച ഇ-മിത്ര ഓപ്പറേറ്ററും പെൺകുട്ടിയെ ഹോട്ടലുകളിൽ കൊണ്ടുപോയി ആറോളം തവണ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. ക്രൂരമായ പീഡനങ്ങൾക്ക് പുറമെ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ ഡോക്ടർ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ 10ന് പെൺകുട്ടിയുടെ ശരീരത്തിലെ പരുക്കുകൾ കണ്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പുറംലോകം ഈ ക്രൂരത അറിഞ്ഞത്. പരാതി ഉയർന്നതോടെ ഡോക്ടർ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി.