ഗുവാഹത്തിയിൽ നടന്ന ഐപിഎൽ ആവേശപ്പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് തങ്ങളുടെ വിജയയാത്ര തുടർന്നു. ആർസിബി മുന്നോട്ടുവെച്ച 202 റൺസ് എന്ന വലിയ വിജയലക്ഷ്യം വെറും 18 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ സീസണിലെ നാലാം വിജയം സ്വന്തമാക്കിയ രാജസ്ഥാൻ എട്ട് പോയിന്റുകളുമായി നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
43 പന്തിൽ നിന്ന് 81 റൺസെടുത്ത് പുറത്താകാതെ നിന്ന ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. തുടക്കത്തിൽ തകർത്തടിച്ച 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി 26 പന്തിൽ 78 റൺസെടുത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. 25 പന്തിൽ 24 റൺസെടുത്ത രവീന്ദ്ര ജഡേജ ജുറേലിന് മികച്ച പിന്തുണ നൽകി പുറത്താകാതെ നിന്നു.
ആദ്യ ഓവറുകളിൽ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായെങ്കിലും വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ് രാജസ്ഥാനെ അതിവേഗം മുന്നോട്ട് നയിച്ചു. പവർപ്ലേയിൽ തന്നെ 97 റൺസ് അടിച്ചുകൂട്ടിയ വൈഭവ് വെറും 15 പന്തിൽ അർധ സെഞ്ചറി തികച്ചു. എന്നാൽ വൈഭവ്, ഹെറ്റ്മിയർ, റിയാൻ പരാഗ് എന്നിവർ അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ രാജസ്ഥാൻ ഒന്നു പതറിയെങ്കിലും ധ്രുവ് ജുറേലും ജഡേജയും ചേർന്ന് ടീമിനെ സുരക്ഷിതമായി വിജയതീരത്ത് എത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. ക്യാപ്റ്റൻ രജത് പാട്ടീദാറിന്റെ പോരാട്ടവീര്യമാണ് ആർസിബിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 40 പന്തിൽ 63 റൺസെടുത്ത പാട്ടീദാറിന് പുറമെ വിരാട് കോലി (32), വെങ്കടേഷ് അയ്യർ (29), റൊമാരിയോ ഷെഫേർഡ് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ആദ്യ പന്തിൽ തന്നെ ഫിൽ സോൾട്ടിനെ നഷ്ടമായെങ്കിലും വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ആർസിബിയെ ട്രാക്കിലെത്തിച്ചു. എന്നാൽ മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീണത് അവർക്ക് തിരിച്ചടിയായി. വിരാട് കോലി, ക്രുനാൽ പാണ്ഡ്യ, ടിം ഡേവിഡ് എന്നിവർ വേഗത്തിൽ മടങ്ങിയതോടെ ഒരു ഘട്ടത്തിൽ ആർസിബി ഏഴ് വിക്കറ്റിന് 94 റൺസ് എന്ന നിലയിലായിരുന്നു.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പാട്ടീദാർ ടീമിനെ മുന്നോട്ട് നയിച്ചു. അവസാന ഓവറുകളിൽ വെങ്കടേഷ് അയ്യർ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീം സ്കോർ 200 കടത്തിയത്. അവസാന ഓവറിൽ മാത്രം 21 റൺസാണ് ആർസിബി നേടിയത്. രാജസ്ഥാനായി ജോഫ്ര ആർച്ചർ, രവി ബിഷ്ണോയി, ബ്രിജേഷ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സന്ദീപ് ശർമയും ജഡേജയും ഓരോ വിക്കറ്റും നേടി.




