പ്രതീക്ഷിച്ചിത് പോലെ തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പയ്യന്‍ വൈഭവ് സൂര്യവംശി ഐപിഎല്‍ 2025 സീസണില്‍ കിട്ടിയ ആദ്യ അവസരം തന്നെ ഞെട്ടിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ ഈ രഹസ്യായുധം സെഞ്ച്വറിയോടെ ചേട്ടന്മാരെ ഞെട്ടിച്ച മത്സരത്തില്‍ 14 കാരന്‍ തള്ളിമറിച്ചിട്ടത് ഒരു പറ്റം റെക്കോഡുകള്‍ കൂടിയായിരുന്നു. 2025 ലെ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ച്വറിയും ഏറ്റവും വേഗമേറിയ സെഞ്ച്വറി കാര്യത്തില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിന് തൊട്ടു പിന്നിലെത്തുകയും ചെയ്തു.ഐപിഎല്‍ ചരിത്രത്തില്‍ മത്സരത്തിന് ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സൂര്യവംശി. ലീഗിന്റെ ചരിത്രത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ അണ്ടര്‍ 17 കളിക്കാരനും രണ്ടാമത്തെ അണ്ടര്‍ 18 കളിക്കാരനുമാണ് സൂര്യവംശി. റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ പേരിലുള്ള റെക്കോര്‍ഡാണ് സൂര്യവംശി തകര്‍ത്തത്. റോയല്‍സിന്റെ സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തിയതോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ വൈഭവിനായി.
ഇന്നലെ നടന്ന മത്സരത്തെ ആവേശഭരിതമാക്കിയത് സൂര്യവംശിയുടെ 35 പന്തില്‍ നിന്നുള്ള സെഞ്ച്വറിയാണ്. 31 പന്തുകളില്‍ സെഞ്ച്വറി നേടിയിട്ടുള്ള ക്രിസ് ഗെയിലിന്റെ പേരിലാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഐപിഎല്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് പിന്നിലാക്കിയത് മനീഷ് പാണ്ഡെയുടെ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡായിരുന്നു. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന 18 വയസ്സിന് താഴെയുള്ള ആദ്യ കളിക്കാരന്‍ എന്ന റെക്കോര്‍ഡും അദ്ദേഹം മറികടന്നു. 18 വയസ്സുള്ളപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിജയ് സോള്‍ നേടിയ റെക്കോര്‍ഡാണ് വൈഭവ് തകര്‍ത്തത്.
ഐപിഎല്ലില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ കളിക്കാരനാണ് സൂര്യവംശി. മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന് വേണ്ടി ി യൂസഫ് പഠാന്‍ 37 പന്തില്‍ നേടിയ സെഞ്ച്വറിയാണ് മറികടന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു അണ്‍ക്യാപ്പ്ഡ് കളിക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കൂടിയാണിത്. ഐപിഎല്‍ ചരിത്രത്തില്‍ 18 വയസ്സ് തികയുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ പരാഗിന്റെയും അഭിഷേക് ശര്‍മ്മയുടെയും റെക്കോര്‍ഡും സൂര്യവംശി തകര്‍ത്തു. 17 വയസ്സുള്ളപ്പോള്‍ ഇരുവരും അഞ്ച് സിക്‌സറുകള്‍ നേടിയിരുന്നു, അതേസമയം സൂര്യവംശി 11 സിക്‌സറുകളാണ് പറത്തിയത്.
ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ പത്തിലധികം കരിയര്‍ സിക്‌സറുകള്‍ നേടിയ ആദ്യത്തെ അണ്ടര്‍-17 കളിക്കാരന്‍ കൂടിയാണ് സൂര്യവംശി. മുമ്പ്, 15 വയസ്സുള്ളപ്പോള്‍ 10 സിക്‌സറുകള്‍ നേടിയ ആയുഷ് അവസ്തിയുടെ പേരിലായിരുന്നു റെക്കോര്‍ഡ്. മത്സരം രാജസ്ഥാന്‍ ജയിച്ചപ്പോള്‍ 14 വയസ്സുള്ള അദ്ദേഹത്തിന് പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും തേടിവന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഈ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവും സൂര്യവംശിയാണ്. എട്ട് ഫോറുകളും 11 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്.
സീനിയര്‍ ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഒന്നും ഇടംകൈയ്യന്‍ ബഹുമാനിച്ചില്ല. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ നാലാമത്തെ ഓവറില്‍ സൂര്യവംശി 28 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, മറ്റൊരു ഓവറില്‍ യുവതാരം 30 റണ്‍സ് അടിച്ചുകൂട്ടി. സൂര്യവംശിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 166 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 38 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ശേഷം അദ്ദേഹം ഒടുവില്‍ മടങ്ങി. പ്രസീദ് കൃഷ്ണയാണ് അദ്ദേഹത്തെ പുറത്താക്കിയത്.




