Spotlight

കേരള ജനത ആഗ്രഹിക്കുന്നത് തുടര്‍ഭരണ​മോ, അധികാര മാറ്റമോ? ഏപ്രില്‍ 9 ന് വിധിയെഴുതും

കേരള നിയമസഭയിലേയ്ക്ക് ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായിരിക്കേ, ആരായിരിക്കും അടുത്ത തവണ ഭരണത്തിലേറുക എന്ന ചര്‍ച്ചയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വിവിധ മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വേകളും വോട്ടര്‍മാരുടെ നേരിട്ടുള്ള അ​‍ഭിപ്രായങ്ങളും വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. എന്നാല്‍ എല്ലാ സര്‍വേക്കുമപ്പുറം വോട്ടര്‍മാര്‍ ഏപ്രില്‍ 9 ന് യഥാര്‍ത്ഥ വിധിയെഴുതും.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 10വര്‍ഷം ഒരു സര്‍ക്കാര്‍ തുടര്‍ച്ചായി ഭരണം നടത്തി മൂന്നാമതും ജനവിധി തേടാനിറങ്ങുമ്പോഴും ശക്തമായ ഭരണവിരുദ്ധ വികാരമൊന്നും കാണുന്നില്ല എന്നതും സര്‍വേകള്‍ പറയുന്നു. ഇ‍ൗ പത്തുവർഷത്തിൽ കലാപമോ ലഹളയോ ഉണ്ടായിട്ടില്ല. രാജ്യത്തെ ഏറ്റവും സ്വസ്ഥമായ സംസ്ഥാനമാണ് കേരളം എന്നതിന് മറ്റു തെളിവുകള്‍ ആവശ്യമില്ല എന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്. മാർച്ചിലെ മൂന്നാം വാരത്തിൽ പുറത്തുവന്ന സർവേകൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിഗത റേറ്റിംഗിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തേ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇടതു- വലതു സര്‍ക്കാരുകളെ മാറ്റി മാറ്റി പരീക്ഷിച്ചിരുന്ന കേരളം രണ്ട് ടേം പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിനെത്തന്നെ വീണ്ടും തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കാര്യമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം അവർക്ക് അനുകൂലമായ തരംഗമുണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പാറ്റേണ്‍ മാറുമെന്ന് കണക്കുകള്‍ ഉദ്ധരിച്ച് എല്‍.ഡി.എഫ്. വാദിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാനെതിരെ കാര്യമായ ഭരണവിരുദ്ധ വികാരമില്ലെന്നും ‘വികസന പ്രതിച്ഛായ’ അതിനെയെല്ലാം മറികടക്കുന്നുവെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിറ്റിംഗ് എം.എൽ.എമാർക്ക് മണ്ഡലങ്ങളിൽ വലിയ ജനപ്രീതിയുണ്ടെന്നും സർവേകള്‍ സൂചിപ്പിക്കുന്നു.

കേരളത്തിന്റെ പഴയകാല തിരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ ഭരണവിരുദ്ധ വികാരമെന്ന കാരണത്താല്‍ ഭരണപക്ഷത്തേക്കാള്‍ പ്രതിപക്ഷത്തിന് വോട്ടെടുപ്പിലും പ്രചരണത്തിലുമെല്ലാം മേല്‍ക്കൈ ഉള്ളതായി കാണാനാകും. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അതിന്റെ കാരണം കഴിഞ്ഞ ദശകത്തില്‍ കേരളത്തിലുണ്ടായ അടിസ്ഥാന വികസന സൗകര്യത്തിലുണ്ടായ മാറ്റം തന്നെയാണ്. തടസപ്പെട്ട് കിടന്നതോ ഉപേക്ഷിച്ചതോ ആയ പല പ്രധാന പദ്ധതികളും എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയോ മുന്നോട്ട് കൊണ്ടുപോവുകയോ ചെയ്തു. ദേശീയപാത വികസനം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. എന്‍എച്ച് 66-ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 5,580 കോടി രൂപയാണ് ചിലവഴിച്ചത്. പ്രതിസന്ധികളെ നേരിടാനുള്ള ധനകാര്യതന്ത്രങ്ങളെയെല്ലാം എതിര്‍ക്കുന്ന കേന്ദ്രസർക്കാരിനോട് ഏറ്റമുട്ടിയാണ് ഈ നേട്ടങ്ങളിലേയ്ക്ക് കേരളത്തെ ഈ സര്‍ക്കാര്‍ നയിച്ചതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നു.

സംസ്ഥാനത്തുടനീളം പുതിയ പാലങ്ങളും ആശുപത്രികളും സ്‌കൂളുകളും ഉയരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലൈഫ് മിഷന്‍ ഭവന പദ്ധതി (ഇതുവരെ ഏകദേശം 4.7 ലക്ഷം വീടുകള്‍) എന്നിവ ഈ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളാണ്.

കേരള രാഷ്ട്രീയം വഴിത്തിരിവില്‍

കേരളവും കേരള രാഷ്ട്രീയവും ഒരു വഴിത്തിരിവിലാണ് . വോട്ടര്‍മാര്‍ ഒരു സുസ്ഥിര സര്‍ക്കാരിനെ പിന്തുണയ്ക്കുമോ അതോ ഒരു തൂക്കുമന്ത്രിസഭയ്ക്കാണോ സാദ്ധ്യത എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വികസനം നിലനിര്‍ത്താന്‍ വ്യക്തമായ ജനവിധി വേണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. പിണറായി വിജയന്റെ പത്ത് വര്‍ഷത്തെ ഭരണം വളര്‍ച്ചയും സാമൂഹിക സ്ഥിരതയും കൊണ്ടുവന്നു എന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്.

64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതായി 2025 നവംബര്‍ 1-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനൊപ്പം 60 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍, സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും എല്ലാം ഭരണത്തുടര്‍ച്ചയ്ക്കുള്ള വാദങ്ങളായി അവര്‍ ഉയര്‍ത്തുന്നു.

സാമ്പത്തിക ഉണര്‍വും വ്യവസായ വിപ്ലവവും

കേരളത്തിന്റെ വികസന മാതൃക വേറിട്ടതാണെന്നും അത്‌ രാജ്യത്തിന്‌ മാതൃകയാക്കാമെന്നും ഇവിടെ മികച്ച പശ്‌ചാത്തല സ‍ൗകര്യങ്ങളുണ്ടെന്നും പറയുന്നത് സാമ്പത്തിക വിദഗ്‌ധൻ ഡോ. പരകാല പ്രഭാകറാണ്. കേരളത്തെ കുറിച്ച് നിക്ഷേപകരുടെ മുന്‍ധാരണകളെ മാറ്റിമറിക്കാനായി എന്നാണ് എല്‍ഡിഎഫ് പറയുന്നത്. വ്യവസായ മന്ത്രി പി. രാജീവിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങളാണ് പ്രായോഗിക പദ്ധതികളായി മാറിയത്. ‘സംരംഭക വര്‍ഷം’ പദ്ധതിയിലൂടെ 4,06,606 പുതിയ സംരംഭങ്ങളും 8.66 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

നിതി ആയോഗിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ സൂചികയിലും എസ്.ഡി.ജി (SDG) ഇന്ത്യ സൂചികയിലും കേരളം മുന്നിലെത്തി. വി-ഗാര്‍ഡിന്റെ പുതിയ ഗവേഷണ വികസന ക്യാംപസ് തുടക്കത്തില്‍ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളും ഉറപ്പാക്കുമ്പോള്‍ കെയ്ന്‍സ് ടെക്‌നോളജി പെരുമ്പാവൂരില്‍ 350 കോടി രൂപയുടെ നിക്ഷേപപദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.

വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ഭൂമി ഏറ്റെടുത്താണ് കെയ്ന്‍സിന് സര്‍ക്കാര്‍ കൈമാറിയത്. ഈ പദ്ധതികള്‍ കേരളത്തിന്റെ വ്യവസായ വിപ്ലവത്തിന് കരുത്തേകുന്നവയാണ്. ചുരുക്കത്തില്‍, സാമ്പത്തികമുന്നേറ്റത്തിന്റെ ക്രെഡിറ്റ് ഇടതുപക്ഷ സര്‍ക്കാരിനാണെന്ന് എല്ലാ റിപ്പോര്‍ട്ടുകളിലും ഊന്നിപ്പറയുന്നത് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. കേരളം ഒരു ഭാവി സാങ്കേതിക ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്.

ടെക്‌നോപാര്‍ക്ക് നാലാം ഘട്ടം (ടെക്‌നോസിറ്റി) ഇതിന് ഉദാഹരണമാണ്. 389 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഐ.ടി സിറ്റി ആഗോള കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ടെക്‌നോപാര്‍ക്കില്‍ നിലവില്‍ 500-ലധികം കമ്പനികളും 80,000 പ്രൊഫഷണലുകളുമുണ്ട്. നാലാം ഘട്ടം കൂടി വരുന്നതോടെ വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ ഐടി തൊഴില്‍ശക്തി ഇരട്ടിയായി മാറുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌പേസ് റിസര്‍ച്ച്, എ.ഐ, സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയവയ്ക്കായി സ്‌പെഷ്യല്‍ സോണുകള്‍ പദ്ധതിയിട്ടിട്ടുമുണ്ട്. കേരളത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാനമായ സ്ഥാനം സാങ്കേതികവിദ്യകള്‍ക്കും വരുംതലമുറ വ്യവസായങ്ങള്‍ക്കും ഉണ്ടെന്ന ഉറച്ച ബോധ്യത്തിലാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എ.ഐ (AI) സിറ്റി, സ്‌പേസ് പാര്‍ക്ക്, ഡിജിറ്റല്‍ സര്‍വകലാശാലയുടെ വികസനം എന്നിവ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നതിന്റെ സൂചനകളാണ്.

ഇ‍ൗ നിയമസഭാ തെരഞ്ഞെടുപ്പിൽ നടക്കുന്ന ചർച്ച വികസന–ക്ഷേമ പ്രവർത്തനങ്ങൾ തുടരണോ വേണ്ടയോ എന്നതായിരിക്കുമെന്നും ഞങ്ങൾ വളരെ കൃത്യമായ വികസന അജൻഡയാണ്‌ മുന്നോട്ടുവയ്ക്കുന്നതെന്നും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് പറയുന്നു.

ശബരിമല പോലുള്ള വിഷയങ്ങളോ ബാഹ്യമായ രാഷ്ട്രീയ ആക്രമണങ്ങളോ വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നും വൈകാരികതയേക്കാള്‍ പ്രായോഗികതയ്ക്ക് പ്രാധാന്യം നല്‍കുന്ന ജനതയാണ് കേരളത്തില്‍ ഉള്ളതെന്നും ഇടതുപക്ഷം അവകാശപ്പെടുന്നു.