Sports

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, UPയില്‍നിന്നും പീഡന പരാതി; ഐപിഎല്ലില്‍നിന്ന് ദയാലിനെ ഒഴിവാക്കി

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിന്റെ ഇടംകൈയന്‍ പേസര്‍ യാഷ്‌ ദയാല്‍ ഈ സീസണില്‍ ടീമിനൊപ്പം ചേരില്ല.
ചില വ്യക്‌തിപരമായ സാഹചര്യങ്ങളാലാണു ടീമിനൊപ്പം ചേരാന്‍ കഴിയാത്തതെന്ന്‌ ആര്‍.സി.ബി. ക്രിക്കറ്റ്‌ ഡയറക്‌ടര്‍ മോ ബോബാറ്റ്‌ പത്ര സമ്മേളനത്തില്‍ അറിയിച്ചു. യാഷ്‌ ദയാലിനെതിരെ രാജസ്‌ഥാനിലെ ജയ്‌പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്‌ പോക്‌സോ നിയമപ്രകാരം കേസുണ്ട്‌. 2025 ഡിസംബറില്‍ ഈ കേസില്‍ താരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മറ്റൊരു സ്‌ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയും താരം നേരിടുന്നുണ്ട്‌. വിവാദങ്ങള്‍ക്കിടയിലും താരത്തെ നിലനിര്‍ത്താനുള്ള ആര്‍.സി.ബിയുടെ തീരുമാനത്തിനെതിരേ ആരാധകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. യാഷ്‌ ദയാല്‍ ടീമുമായി കരാറിലുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ടീമിനൊപ്പം ചേരുന്നത്‌ ഫ്രാഞ്ചൈസിക്കോ താരത്തിനോ ഗുണകരമാകില്ലെന്ന്‌ മോ ബോബാറ്റ്‌ വ്യക്‌തമാക്കി. യാഷിനോട്‌ നിരന്തരം സംസാരിക്കുന്നുണ്ട്‌.

ഇപ്പോള്‍ അദ്ദേഹം ടീമിനൊപ്പം ചേരേണ്ടതില്ലെന്നാണ്‌ തീരുമാനം. ലേലത്തിന്‌ മുന്‍പ്‌ തന്നെ ഇത്തരം ഒരു സാഹചര്യം മുന്‍കൂട്ടി കണ്ടിരുന്നെന്നും ബോബാറ്റ്‌ പറഞ്ഞു. ദയാലിന്റെ അഭാവം മുന്‍കൂട്ടി കണ്ട്‌ കഴിഞ്ഞ ലേലത്തില്‍ 5.20 കോടി രൂപയ്‌ക്ക് മധ്യപ്രദേശില്‍ നിന്നുള്ള ഇടംകൈയ്യന്‍ പേസര്‍ മങ്കേഷ്‌ യാദവിനെ സ്വന്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ്‌ ഹാസില്‍വുഡും സീസണിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാനുണ്ടാകില്ല. ഭുവനേശ്വര്‍ കുമാര്‍, ആഭ്യന്തര താരം രസിഖ്‌ സലാം, അഭിനന്ദന്‍ സിങ്‌, മങ്കേഷ്‌ യാദവ്‌, ന്യൂസിലന്‍ഡിന്റെ ജേക്കബ്‌ ഡഫി, ശ്രീലങ്കയുടെ നുവാന്‍ തുഷാര, വെസ്‌റ്റിന്‍ഡീസിന്റെ റൊമാരിയോ ഷെപ്പേഡ്‌ എന്നിവരാണ്‌ ആര്‍.സി.ബിയുടെ നിലവിലുള്ള പേസര്‍മാര്‍.