Featured Sports

ഇറാന്റെ അഞ്ചു വനിതാ താരങ്ങള്‍ക്ക്‌ അഭയംനല്‍കി ഓസ്‌ട്രേലിയ, കോച്ചിന്റെയും സഹതാരങ്ങളുടെയും ഭാവി തുലാസിൽ

കാന്‍ബെറ: ഏഷ്യാ കപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെത്തിയ ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ അഞ്ച്‌ താരങ്ങള്‍ക്ക്‌ ഓസ്‌ട്രേലിയ അഭയം നല്‍കി. ചൊവ്വാഴ്‌ച ബ്രിസ്‌ബേനില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്കാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. ദക്ഷിണ കൊറിയക്കെതിരേ കഴിഞ്ഞയാഴ്‌ച നടന്ന മത്സരത്തിന്‌ മുന്നോടിയായി ടീം ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന്‌ ശേഷം അവരുടെ സുരക്ഷയെക്കുറിച്ച്‌ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഫെബ്രുവരി 28-ന്‌ ഇറാനില്‍ യുദ്ധം ആരംഭിച്ചതോടെ നാട്ടിലേക്ക്‌ മടങ്ങുന്നതിലെ സുരക്ഷാ ഭീതി കണക്കിലെടുത്ത്‌ ചില താരങ്ങള്‍ അഭയത്തിനായി അപേക്ഷിച്ചിരുന്നു.

ഇറാനിയന്‍ പ്രവാസി സംഘടനകളും യു.എസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും താരങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കണമെന്ന്‌ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. താരങ്ങളുടെ വിസ നടപടികള്‍ പൂര്‍ത്തിയായതായും അവര്‍ സുരക്ഷിത കേന്ദ്രത്തിലാണെന്നും മന്ത്രി ടോണി ബര്‍ക്ക്‌ പറഞ്ഞു. ഇതൊരു പ്രയാസകരമായ തീരുമാനമാണെന്നും, എന്നാല്‍ വിസ രേഖകളില്‍ ഒപ്പിടുമ്പോള്‍ അവരുടെ മുഖത്ത്‌ കണ്ടത്‌ വലിയ ആശ്വാസവും സന്തോഷവുമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഓസ്‌ട്രേലിയ താരങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ അഭയം നല്‍കുമെന്ന്‌ ട്രംപ്‌ പ്രസ്‌താവിച്ചിരുന്നു. ”ഫുട്‌ബോളിലെ രാഷ്ര്‌ടീയ ഇടപെടല്‍” എന്ന്‌ വിശേഷിപ്പിച്ച ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഫിഫ അടക്കമുള്ള സംഘടനകള്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടു. ടീമിലെ ബാക്കിയുള്ള അംഗങ്ങളെയും സ്വീകരിക്കാന്‍ തയാറാണെന്ന്‌ ഓസ്‌ട്രേലിയ വ്യക്‌തമാക്കി.

ഇറാന്‍ താരങ്ങളെ കയറ്റിയ ബസ്‌ തടയാന്‍ ഗോള്‍ഡ്‌ കോസ്‌റ്റിലെ ഹോട്ടലിന്‌ മുന്നില്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതു സംഘര്‍ഷത്തിന്‌ കാരണമായി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇറാന്‍ ദേശീയ ഗാനം ആലപിക്കാതിരുന്ന താരങ്ങളുടെ നടപടി വാര്‍ത്താപ്രാധ്യാനം നേടി. പിന്നീട്‌ നടന്ന മത്സരങ്ങളില്‍ അവര്‍ ഗാനം ആലപിച്ചിരുന്നു.

നിലവില്‍ അഞ്ച്‌ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ തുടരുമെന്ന്‌ ഉറപ്പായി. ബാക്കി താരങ്ങളുടെയും കോച്ചിന്റെയും കാര്യത്തില്‍ അനിശ്‌ചിതത്വം തുടരുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *