Featured Spotlight

ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ, ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന വെളിപ്പെടുത്തലുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തി. 2014-ലെ വിവാഹത്തിന് ശേഷം നിരവധി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും 2019-ൽ പ്രതിസന്ധിയുണ്ടായപ്പോൾ മുൻ ഡിജിപി ആർ. ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. ഗണേഷ് കുമാറിന്റെ പ്രശ്നങ്ങൾ ലോകം മുഴുവൻ അറിയാവുന്നതാണെന്നും ബിന്ദു കൂട്ടിച്ചേർത്തു. എന്നാൽ, വ്യക്തിപരമായ കാര്യങ്ങൾ പണം കൊടുത്ത് സൈബറിടങ്ങളിൽ ആക്രമിപ്പിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ശ്രീലേഖയുടെ നിർദ്ദേശപ്രകാരം സഹായത്തിനായി 112 എന്ന ടോൾ ഫ്രീ നമ്പറിൽ ബിന്ദു വിളിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ പൊലീസിനെ വീട്ടിലേക്ക് കയറാൻ അനുവദിച്ചില്ലെന്ന് ആക്ഷേപമുണ്ട്. അനുവാദമില്ലാതെ എത്തിയ ബിന്ദു അവിടെ കണ്ട കാര്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതോടെ ജീവനക്കാർ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡിജിപി രാവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

മന്ത്രിയുടെ സുഹൃത്തുക്കളും ജീവനക്കാരും തനിക്ക് എതിരാണെന്നും താൻ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ബിന്ദു മേനോൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കിടപ്പുമുറിയിൽ കണ്ട ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ സ്റ്റാഫംഗമായ പ്രദീപ് തടഞ്ഞു. പൊലീസ് എത്തുന്നതിന് മുൻപ് അവിടെയുണ്ടായിരുന്ന സ്ത്രീയെ മാറ്റി. മന്ത്രിയുടെ സ്റ്റാഫ് മനോജ് തന്റെ കാലിൽ വീണ് മാപ്പപേക്ഷിച്ചുവെന്നും ഇതിനെല്ലാം തെളിവുണ്ടെന്നും ബിന്ദു അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളെയും വിവരം അറിയിച്ചിരുന്നുവെന്നും രണ്ട് മാസമായി മന്ത്രി തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ വെളിപ്പെടുത്തി.

യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്ന് മന്ത്രി ഗണേഷ് കുമാർ തിരിച്ചടിച്ചു. പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രസക്തിയില്ലെന്നും മുൻപ് ഭാര്യയായിരുന്ന സ്ത്രീയും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്നും പ്രണയമില്ലാത്തവൻ പൊട്ടനാണെന്നുമാണ് മന്ത്രിയുടെ നിലപാട്. നെഹ്‌റുവിനും വാജ്‌പേയിക്കും പ്രണയമുണ്ടായിരുന്നുവെന്നും പ്രണയം ചിലർ ഒളിച്ചുവെക്കുമ്പോൾ താൻ അത് തുറന്നുപറയുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

ആർ. ശ്രീലേഖയ്ക്ക് മേയറാകാൻ കഴിയാത്തതിന്റെ കുശുമ്പാണെന്നും അവർ ബിജെപിക്കൊപ്പമാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. കെഎസ്ആർടിസി ജീവനക്കാർ തന്നോടൊപ്പമുണ്ടെന്നും വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, 112-ൽ വന്ന പരാതിയിൽ ഗണേഷ് കുമാറിനും ജീവനക്കാർക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ എം.ജെ. യദുകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *