Featured Spotlight

‘മാതാപിതാക്കളെ അറിയിക്കാതെ വിവാഹ രജിസ്‌ട്രേഷന്‍ നടക്കില്ല’; പ്രണയ വിവാഹങ്ങളില്‍ നിയന്ത്രണം

അഹമ്മദാബാദ്‌: വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്ന വിവരം മാതാപിതാക്കളെ അറിയിക്കുന്നത്‌ നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍. വിവാഹം രജിസ്‌റ്റര്‍ ചെയ്യണമെങ്കില്‍ വധൂവരന്മാര്‍ മാതാപിതാക്കളെ അറിയിക്കണമെന്നതുള്‍പ്പെടെ, പ്രണയ വിവാഹങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമഭേദഗതിക്കാണ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ നീക്കം നടത്തുന്നത്‌.

വിവാഹ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോള്‍ വധുവും വരനും തങ്ങളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടോ എന്ന്‌ വ്യക്‌തമാക്കുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കണം. മാതാപിതാക്കളുടെ പേര്‌, വിലാസം, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കുന്നത്‌ നിര്‍ബന്ധമാക്കും. അപേക്ഷ ലഭിച്ച്‌ 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ വധൂവരന്മാരുടെ മാതാപിതാക്കളെ വിവരമറിയിക്കും. അപേക്ഷ നല്‍കി 40 ദിവസങ്ങള്‍ക്കു ശേഷമേ വിവാഹ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കൂ.

പരിശോധനകള്‍ക്കും ആക്ഷേപങ്ങള്‍ അറിയിക്കുന്നതിനുമായാണ്‌ ഈ സമയം അനുവദിക്കുന്നത്‌. വിവാഹ രജിസ്‌ട്രേഷനായി വധൂവരന്മാരുടെയും സാക്ഷികളുടെയും ആധാര്‍ കാര്‍ഡ്‌, ജനന സര്‍ട്ടിഫിക്കറ്റ്‌, സ്‌കൂള്‍ ലിവിങ്‌ സര്‍ട്ടിഫിക്കറ്റ്‌, ഫോട്ടോ എന്നിവ ഹാജരാക്കണം. കല്യാണക്കുറി ഉണ്ടെങ്കില്‍ അതും നല്‍കണം.

ചതിയിലൂടെയുള്ള വിവാഹങ്ങള്‍ തടയുക, സ്‌ത്രീ സുരക്ഷ ഉറപ്പാക്കുക, ഒളിച്ചോടിയുള്ള വിവാഹങ്ങളിലെ ദുരൂഹത ഒഴിവാക്കുക എന്നിവയാണ്‌ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ഗുജറാത്ത്‌ ഉപമുഖ്യമന്ത്രി ഹര്‍ഷ്‌ സംഘവി പറഞ്ഞു.

ഈ നിയമഭേദഗതി നിലവില്‍ വന്നാല്‍, വിവാഹത്തിന്‌ മാതാപിതാക്കളെ അറിയിക്കണമെന്ന കാര്യം നിര്‍ബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സംസ്‌ഥാനമായി ഗുജറാത്ത്‌ മാറും. നിലവിലുള്ള ഗുജറാത്ത്‌ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിലാണ്‌ (2006) ഭേദഗതി വരുത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്‌.

നിയമഭേദഗതി സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ അഭിപ്രായം അറിയിക്കാന്‍ 30 ദിവസത്തെ സമയം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. അതിനുശേഷം മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ. വ്യക്‌തിനിയമങ്ങള്‍ അനുസരിച്ചുള്ള വിവാഹത്തിന്റെ സാധുതയെയല്ല, മറിച്ച്‌ അതു സര്‍ക്കാര്‍ രേഖകളില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന രീതിയെയാണ്‌ ഈ മാറ്റങ്ങള്‍ ബാധിക്കുന്നത്‌.

പ്രണയത്തിന്‌ എതിരല്ലെന്നും നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ വഞ്ചിതരാകാതിരിക്കുകയാണ്‌ ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹര്‍ഷ്‌ സംഘവി നിയമസഭയില്‍ പറഞ്ഞു. പാഞ്ച്‌മഹാല്‍ ജില്ലയില്‍ ഒരു മുസ്‌ലിം കുടുംബം പോലും ഇല്ലാത്ത സ്‌ഥലങ്ങളില്‍ അനേകം നിക്കാഹ്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്മേല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.